മലപ്പുറം: വളാഞ്ചേരിയില്‍ 21കാരിയെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അന്‍വറിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. രാവിലെ ഒമ്പതു മണിയോടെ മൃതദേഹം കുഴിച്ചിട്ട തെങ്ങിന്‍ തോപ്പില്‍ പ്രതിയെ എത്തിച്ചാണ് പൊലീസ് പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതിയെ സ്ഥലത്ത് എത്തിച്ചത്. മണ്ണിനുള്ളില്‍ നിന്ന് മൃതദേഹാവിശിഷ്ടങ്ങള്‍ പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
40 ദിവസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആതവനാട് കഞ്ഞിപ്പുര ചോറ്റൂര്‍ കിഴുകപറമ്പാട്ട് കബീറിന്‍റെ മകള്‍ സുബീറ ഫര്‍ഹത്തിന്റെ (21) മൃതദേഹമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്. വീടിനടുത്ത ചെങ്കല്‍ ക്വാറിക്ക് സമീപം തെങ്ങിന്‍ തോപ്പില്‍ മണ്ണിട്ട് മൂടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം പൂര്‍ണമായും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും യുവതിയുടേത് തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. കാല്‍ മാത്രമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് ചോറ്റൂര്‍ സ്വദേശി പറമ്പന്‍ അന്‍വറിനെ (40) തിരൂര്‍ ഡിവൈ.എസ്.പി കെ.എസ്. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ യുവതിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസില്‍ നിന്ന് ലഭിച്ച വിവരം. യുവതി പീഡനത്തിനിരയായിട്ടുണ്ടോയെന്നതില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വ്യക്തത വരുമെന്ന് െപാലീസ് പറഞ്ഞു.
ഏതാനും ദിവസമായി പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കസ്റ്റഡിയിലെടുത്ത അന്‍വറിനെ ചോദ്യം ചെയ്തതിലൂടെയാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസ് മനസ്സിലാക്കിയത്. തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തപ്പോഴാണ് മൃതദേഹാവശിഷ്ടം ലഭിച്ചത്. രാത്രിയായതിനാല്‍ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. മൃതദേഹം ലഭിച്ച തോട്ടം നോക്കിനടത്തുന്നയാളാണ് പ്രതി.
Post Your Comments