കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡിനൊപ്പം ഷിഗെല്ല രോഗവും റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ ആശങ്ക. ജില്ലയിൽ ഇന്ന് പുതുതായി ഒരു ഷിഗെല്ല കേസ് കൂടി സ്ഥിരീകരിച്ചു. എടത്തല കൊമ്പാറ സ്വദേശിയായ 9 വയസുള്ള ആൺകുട്ടിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
Also Read: ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്; മാർഗനിർദ്ദേശം പുറത്തിറക്കി
പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് ഏപ്രിൽ 14ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഏപ്രിൽ 19ന് നടത്തിയ പരിശോധനയിലാണ് കുട്ടിയ്ക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
അടുത്തിടെ കുടുംബത്തോടൊപ്പം കുട്ടി ചെന്നൈയിലേയ്ക്ക് പോയിരുന്നു. ഇതിനിടെ കഴിച്ച ഭക്ഷണത്തിൽ നിന്നാകാം കുട്ടിയ്ക്ക് രോഗം ബാധിച്ചതെന്നാണ് വിലയിരുത്തൽ. പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിക്കുകയും സൂപ്പർ ക്ലോറിനേഷൻ നടത്തുകയും ചെയ്തിട്ടുണ്ട്. നിലവിൽ പ്രദേശത്തെ ആർക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Post Your Comments