ന്യൂഡല്‍ഹി : പൊതു ഇടത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ദമ്പതിമാരെ ജയിലിലടച്ച് കോടതി. ഇരുവരുടെയും ജാമ്യാപേക്ഷ റദ്ദാക്കിയ കോടതി ഇരുവർക്കും ശിക്ഷ വിധിച്ചു. മാസ്ക് ധരിപ്പിച്ചാണ് ഇരുവരെയും ജയിലിലേക്കയച്ചത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കര്‍ഫ്യൂവിനിടെ കാറിനുള്ളില്‍ മാസ്‌ക് ധരിക്കാത്തതിനെത്തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് വാഹനം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരോട് ദമ്പതിമാർ മോശമായി പെരുമാറുകയും ചെയ്‌തു. പൊലീസിൻ്റെ കൃത്യനിർവഹണം തടഞ്ഞതിനും ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഞായറാഴ്ച വൈകീട്ട് ഡല്‍ഹിയിലെ ദാരിയഗഞ്ച് മേഖലയിലാണ് സംഭവം. മാസ്‌ക് ധരിക്കാതെ വാഹനം ഓടിച്ച് വന്ന ദമ്പതികളെ പൊലീസ് തടയുകയായിരുന്നു. നിര്‍ബന്ധമായി കൈയില്‍ കരുതേണ്ട കര്‍ഫ്യൂ പാസും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസിനോട് തട്ടിക്കയറുയായിരുന്നു
നിങ്ങള്‍ എന്തിനാണ് എന്റെ കാര്‍ തടഞ്ഞത്? ഞാന്‍ എന്റെ ഭാര്യയോടൊപ്പം കാറിനുള്ളിലായിരുന്നു. മാസ്‌ക് ധരിക്കാത്തതിന് ശാസിച്ചതിനെത്തുടര്‍ന്ന് യുവാവ് പോലീസുകാരോട് പറഞ്ഞു. ഞാന്‍ എന്റെ ഭര്‍ത്താവിനെ ചുംബിക്കും, നിങ്ങള്‍ക്ക് എന്നെ തടയാന്‍ കഴിയുമോ എന്ന് യുവതി പോലീസ്കാരോട് ചോദിച്ചു. കാറിനുള്ളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ പോലും മാസ്‌ക് ധരിക്കണമെന്ന് അടുത്തിടെ ഹൈക്കോടതി വിധിയുണ്ടെന്ന് പോലീസുകാര്‍ പറഞ്ഞെങ്കിലും ദമ്പതിമാര്‍ തങ്ങളുടെ വാദങ്ങളില്‍ ഉറച്ചുനിന്നു.
ഒരു ഘട്ടത്തില്‍ തങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസിനെ ദമ്പതികള്‍ വെല്ലുവിളിക്കുന്നതും വിഡിയോയിൽ കാണാം. തുടർന്ന് വനിതാ പൊലീസ് എത്തി യുവതിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments