ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. പൊതുവെ മഹാമാരികളുടെ രണ്ടാം ഘട്ടം ഏതുകാലത്തും ഇരട്ടി അപകടകരമായതായാണ് ചരിത്രമെന്ന് ഡോ . രണ്‍ദീപ് ഗുലേറിയ ഓര്‍മ്മിപ്പിക്കുന്നു. ”നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. ആഗോളവ്യാപകമായി കോവിഡിന്‍റെ പുതിയ വകഭേദങ്ങള്‍ പടരുന്നത് നാം അറിഞ്ഞതാണ്. ഇന്ത്യയിലെത്താനുള്ള സമയ താമസം മാത്രമായിരുന്നു പ്രശ്നം” എന്‍.ഡി.ടി.വി സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പ്രതികരിച്ചു. ആള്‍ക്കൂട്ടം വിലക്കല്‍, കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിക്കല്‍, വാക്സിനേഷന് വേഗത്തിലാക്കല്‍ എന്നിവയാണ് ഗുലേറിയയുടെ അഭിപ്രായത്തില്‍ കോവിഡിനെ തടയാനുള്ള മൂന്നു മാര്‍ഗങ്ങള്‍.
എന്നാൽ രോഗ വ്യാപനം അടിയന്തരമായി ചെറുത്തേ പറ്റൂ. ഇതിന് ടെസ്റ്റും ചികിത്സയും കൂട്ടി കൂടുതല്‍ രോഗികളുള്ള ഭാഗങ്ങള്‍ പൂര്‍ണമായി കണ്ടെയ്ന്മെന്റ് സോണുകളാക്കണം. നേരത്തെ കോവിഡ് ബാധ കണക്കാക്കി ചുവപ്പ്, ഓറഞ്ച്, പച്ച സോണുകളാക്കി തിരിച്ചത് ആവര്‍ത്തിക്കണം. ആശുപത്രികളില്‍ കൂടുതല്‍ ബെഡുകളും ഓക്സിജനും ലഭ്യമാക്കണം- എയിംസ് മേധാവി നിര്‍ദ്ദേശിക്കുന്നു. അതേസമയം 100 വര്‍ഷം മുമ്പ് രാജ്യത്ത് സമാനമായ മഹാമാരി ഉണ്ടായപ്പോള്‍ രണ്ടാം തരംഗം അത്യപകടകരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Post Your Comments