ജലന്ധർ: ജലന്ധറിലെ നീലപൂർ ഗ്രാമത്തിലെ കർഷകനാണ് ദാലിപ് കുമാർ. 39 കാരനായ ദാലിപ് തൻ്റെ ഇരുപത്തിനാലാം വയസിലാണ് കൃഷി ചെയ്യാൻ ആരംഭിച്ചത്. 15 വർഷത്തെ കാർഷിക ജീവിതത്തിനിടയിൽ ഇതുപോലെ സന്തോഷമുള്ള ദിവസമുണ്ടായിട്ടില്ലെന്ന് പറയുകയാണ് യുവാവ്. ഫോണില്‍ ലഭിച്ച രണ്ടു സന്ദേശങ്ങളാണ് ഇദ്ദേഹത്തിൻ്റെ സന്തോഷത്തിനു പിന്നിലെ കാരണം.
സമീപമുള്ള രാജ്പുര ചന്തയിൽ വിറ്റ 171 ക്വിന്റല്‍ ഗോതമ്പിന്റെ താങ്ങുവിലയായി(എംഎസ്പി) 1.90 ലക്ഷവും 1.48 ലക്ഷവും ബാങ്ക് അക്കൗണ്ടില്‍ വന്നതായി വ്യക്തമാക്കുന്ന സന്ദേശങ്ങൾ കഴിഞ്ഞ ദിവസമാണ് ദാലിപിൻ്റെ ഫോണിൽ വന്നത്. ദാലിപ് തൻ്റെ പത്തേക്കര്‍ കൃഷിയിടത്തിലെ വിളവാണ് ചന്തയിലെത്തിച്ചത്. 40 ഏക്കറിൽ കൃഷി ചെയ്യുന്ന ഇദ്ദേഹം ബക്കിയുള്ള സ്ഥലത്തെ ഗോതമ്പ് സംഭരണത്തിനായി എടുക്കുമെന്ന് അറിയിച്ചു.
ക്വിന്റലിന് 1,975 രൂപയാണ് താങ്ങുവില. ഒറ്റയടിക്ക് ഇത്രയും വലിയ തുക ലഭിക്കുന്നത് ഇതാദ്യമാണെന്ന് അദ്ദേഹം പറയുന്നു. ‘ഇത് മികച്ച ഒരു സംവിധാനമാണ്. ഞങ്ങളുടെ വിളകളുടെ പണം ഞങ്ങളുടെ അക്കൗണ്ടിൽ നേരിട്ട് ലഭിക്കുന്നതിനേക്കാൾ വലിയ സന്തോഷം മറ്റെന്താണ്? മുൻപൊക്കെ വിളകൾ ചന്തയിൽ എത്തിച്ചശേഷം എല്ലാം ഇടനിലക്കാരുടെ കൈയ്യിലായിരുന്നു. അവർ ഞങ്ങൾക്ക് ചെക്ക് തരും. കണക്കുകൾ തീർപ്പാക്കാൻ സമയമെടുക്കും. കാരണം, നേരത്തേ കൊടുത്തുതീർക്കാനുള്ള പണം കണ്ടെത്താൻ എന്തെങ്കിലും കാരണം എപ്പോഴും കണ്ടെത്തേണ്ടിയിരുന്നു’. അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഗോതമ്പിന്റെ താങ്ങുവില നേരിട്ട് അക്കൗണ്ടിൽ നിന്നും സ്വീകരിക്കുന്ന പഞ്ചാബിലെ ആദ്യ മൂന്ന് കര്‍ഷകരില്‍ ഒരാളാണ് ദാലിപ്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പഞ്ചാബ് സര്‍ക്കാര്‍ നേരിട്ട് പണം കൈമാറുന്ന സംവിധാനം നടപ്പാക്കിയത്. 12 ഏക്കർ കൃഷിഭൂമിയിൽ നിന്നും ലഭിച്ച ഗോതമ്പുകൾ വിറ്റതിന് 1.56 ലക്ഷം രൂപ താങ്ങുവിലയായി അക്കൗണ്ടില്‍ ലഭിച്ചുവെന്ന് റോപാര്‍ ജില്ലയിലെ 49-കാരനായ തര്‍ലോച്ചന്‍ സിംഗ് വ്യക്തമാക്കുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി താൻ കൃഷി ചെയ്യുന്നുണ്ടെന്നും പുതിയ സമ്പ്രദായത്തിൽ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.
Also Read:‘പിണറായി വിജയന് ചേരുന്ന പേര് മരണത്തിന്‍റെ വ്യാപാരി’: കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിൽ കെ സുധാകരന്‍
50കാരനായ ഗുൽസാർ സിംഗിനും പറയാനുള്ളത് ഇത് തന്നെ. തന്റെ 25 ഏക്കർ ഭൂമിയിൽ നിന്നും ലഭിച്ച ഗോതമ്പ് വിളവെടുത്ത് മേഖലയിലെ ഏറ്റവും വലിയ ഖന്ന ചന്തയിൽ വിറ്റതായി ലുധിയാനയിലെ ഗുൽസാർ പറയുന്നു. ഇതിൻ്റെ താങ്ങുവില അക്കൗണ്ടിൽ വന്നിട്ടുണ്ടെന്നും പക്ഷെ, തനിക്ക് വിദ്യാഭ്യാസമില്ലാത്തതിനാൽ അത് എത്രയാണെന്ന് അറിയില്ലെന്നും നാളെ മകൻ വരുമ്പോൾ വ്യക്തമാകുമെന്നും അദ്ദേഹം പറയുന്നു.
താങ്ങുവില കൈമാറാനായി അടുത്തിടെ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പഞ്ചാബ് സര്‍ക്കാരിനോട് കര്‍ഷകരുടെ ഭൂരേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ചന്തയില്‍ കൊണ്ടുവരുന്ന വിളയുടെ അളവ് അനുസരിച്ച് ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ പണം നൽകി വരികയാണ്.
Post Your Comments