ന്യൂഡൽഹി: കോവിഡ് വായുവിലൂടെ പകരുമെന്ന ലാൻസെറ്റ് റിപ്പോർട്ടിൽ പ്രതികരണവുമായി പകർച്ചവ്യാധി വിദഗ്ധനായ ഡോ. ഫഹീം യൂനുസ്. വൈറസ് വായുവിലൂടെ പകരുമെന്നതിന് വായു മലിനപ്പെട്ടെന്ന് അർത്ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. രോഗപ്രതിരോധത്തിന് മാസ്‌ക് ധരിക്കുകയെന്നതാണ് ഫലപ്രദമായ പോംവഴിയെന്നും ഡോ.ഫഹീം യൂനുസ് വ്യക്തമാക്കി.
സാധാരണ മാസ്‌ക്കുകളേക്കാൾ ഉപരി എൻ95 അല്ലെങ്കിൽ കെഎൻ95 മാസ്‌ക്കുകൾ ഉപയോഗിക്കുന്നതാണ് ഫലപ്രദമെന്ന് ഡോ. ഫഹീം യൂനുസ് അഭിപ്രായപ്പെട്ടു. രണ്ട് മാസ്‌ക്കുകൾ കരുതണമെന്നും ഇവ ഓരോ ദിവസവും മാറി മാറി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉപയോഗിച്ച മാസ്‌ക്കുകൾ ശുചിയാക്കിയ ശേഷം വീണ്ടും ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല. കേടുപാടുകൾ സംഭവിച്ചില്ലെങ്കിൽ ഒരു മാസ്‌ക് ആഴ്ചകളോളം ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് കാലത്തും വിനോദങ്ങൾക്ക് നല്ലത് ബീച്ചുകളും പാർക്കുകളുമാണെന്ന് ഡോ. ഫഹീം അഭിപ്രായപ്പെട്ടു. ഇത്തരം സ്ഥലങ്ങളിൽ ആളുകൾ തമ്മിൽ കുറഞ്ഞത് 6 അടി അകലമെങ്കിലും ഉണ്ടാകും. അടച്ചിട്ട മുറികളേക്കാൾ തുറസായ സ്ഥലങ്ങളിലാണ് രോഗവ്യാപന സാധ്യത കുറവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് വായുവിലൂടെ പകരുമെന്നതിന് തെളിവ് ലഭിച്ചെന്നായിരുന്നു അടുത്തിടെ മെഡിക്കൽ മാസികയായ ലാൻസെറ്റ് റിപ്പോർട്ട് ചെയ്തത്. യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ ആറ് വിദഗ്ധ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലായിരുന്നു കണ്ടെത്തൽ.
Post Your Comments