ചെന്നൈ: ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 38 റൺസ് വിജയം. നിശ്ചിത 20 ഓവറിൽ 205 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച കൊൽക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടാനെ സാധിച്ചുള്ളൂ. ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും എബി ഡിവില്യേഴ്‌സിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ആർസിബിയുടെ വിജയത്തിൽ നിർണായകമായത്.
വേഗത്തിൽ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് കൊൽക്കത്തയ്ക്ക് ആദ്യം നഷ്ടമായത്. ഗിൽ 9 പന്തിൽ നിന്നും 21 റൺസ് നേടിയാണ് പുറത്തായത്. 20 പന്തിൽ 31 റൺസ് നേടിയ ആന്ദ്രെ റസലിന് ഒഴികെ മറ്റാർക്കും ഇന്നിംഗ്‌സിന്റെ വേഗം കൂട്ടാൻ സാധിച്ചില്ല. റസൽ തന്നെയാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. നായകൻ ഇയൻ മോർഗൻ 29 റൺസ് നേടി. ഷക്കിബ് അൽ ഹസൻ 26 റൺസും രാഹുൽ ത്രിപാഠി 25 റൺസും നേടി പുറത്തായി.
ബാംഗ്ലൂരിന് വേണ്ടി കൈൽ ജാമിസൺ 3 ഓവറിൽ 41 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. യുസ്‌വേന്ദ്ര ചഹൽ, ഹർഷൽ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതവും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി. ജയത്തോടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 3 മത്സരങ്ങളിൽ ഒരു ജയവും രണ്ട് തോൽവിയുമായി കൊൽക്കത്ത ആറാം സ്ഥാനത്താണ്.
Post Your Comments