അഹമ്മദാബാദ്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഗുജറാത്തിലെ ഡോക്ടർമാരുടെ നിസ്വാർത്ഥ സേവനവുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്തുവരുന്നത്. വഡോദരയിലെയും ഗാന്ധിനഗറിലെയും ആശുപത്രികളിലെ ഡോക്ടർമാരുടെ സേവനമാണ് വലിയ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നത്. ഡോ.ശിൽപ പട്ടേൽ, ഡോ. രാഹുൽ പാർമർ എന്നിവരാണ് ഉറ്റവരെ നഷ്ടമായ വേദന ഉള്ളിലൊതുക്കി കർമ്മനിരതരാകാൻ ആശുപത്രികളിൽ തിരിച്ചെത്തിയത്.
എസ്എസ്ജി ആശുപത്രിയിലെ ആനാട്ടമി ഡിപ്പാർട്‌മെന്റിൽ അസോസിയേറ്റ് പ്രൊഫസറായ ഡോ. ശിൽപ പട്ടേലിന്റെ അമ്മയെ ഏപ്രിൽ 7നാണ് ആശുപത്രിയിലെത്തിച്ചത്. മകൾ ജോലി ചെയ്തിരുന്ന അതേ ആശുപത്രിയിലാണ് അമ്മയെ അഡ്മിറ്റ് ചെയ്തത്. എന്നാൽ ഏപ്രിൽ 15ന് ശിൽപ്പയ്ക്ക് അമ്മയെ നഷ്ടമായി. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് അമ്മ കാന്ത അംബലാൽ പട്ടേലിന്റെ മൃതദേഹം സംസ്‌കരിച്ച ശേഷം ഉടൻ തന്നെ ശിൽപ പട്ടേൽ ആശുപത്രിയിൽ തിരികെയെത്തി ജോലിയിൽ പ്രവേശിച്ചു.
ഗാന്ധിനഗറിലെ കൊറോണ മാനേജ്‌മെന്റ് നോഡൽ ഓഫീസറായ ഡോ. രാഹുൽ പാർമറിന്റെ അമ്മ കാന്ത പാർമർ വ്യാഴാഴ്ചയാണ് മരിച്ചത്. വാർദ്ധക്യ സഹജമായ രോഗങ്ങൾ മൂലമാണ് 67കാരിയായ കാന്ത പാർമർ മരിച്ചത്. എന്നാൽ അമ്മയുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം തൊട്ടടുത്ത ദിവസം തന്നെ രാഹുൽ ജോലിയ്‌ക്കെത്തി. മുന്നണി പോരാളികൾ നിസ്വാർത്ഥമായ സേവനവും ആത്മാർത്ഥമായ അർപ്പണ ബോധത്തോടെയുമാണ് പ്രവർത്തിക്കുന്നതെന്ന് വഡോദര സ്‌പെഷ്യൽ ഡ്യൂട്ടി ഉദ്യോഗസ്ഥർ പ്രതികരിച്ചു.
Post Your Comments