മുംബൈ: കൊവിഡ് രണ്ടാംതരംഗത്തില്‍ അതിരൂക്ഷ വ്യാപനം തുടരുന്ന
മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്നൊരു ദാരുണവാര്‍ത്ത. ഡോക്ടര്‍മാരും ക്ലിനിക് ഉടമകളുമായ അച്ഛനും മകനും കൊവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിലെ കല്യാണ്‍ സ്വദേശികളായ ഡോ. നാഗേന്ദ്ര മിശ്ര(58), മകന്‍ ഡോ. സൂരജ് മിശ്ര(28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരും മരണപ്പെട്ടത്.
കൊവിഡ് രോഗികളെ ഉള്‍പ്പെടെ ചികില്‍സിച്ചിരുന്ന ഇരുവരും വാക്‌സിന്‍ സ്വീകരിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.ഇവരുടെ കുടുംബത്തിലെ എല്ലാവരും കൊവിഡ് രോഗം ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. അതേസമയം നാഗേന്ദ്ര മിശ്രയുടെ ഭാര്യ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. കല്യാണ്‍ ഡോംബിവാലിയില്‍ വെന്റിലേറ്റര്‍ കിടക്കയില്ലാത്തതിനാല്‍ നാഗേന്ദ്ര താനെയിലും സൂരജ് ഗോരേഗാവിലെ ഒരു സ്വകാര്യ ആശുപത്രിയിലുമായിരുന്നു ചികില്‍സയില്‍ കഴിഞ്ഞിരുന്നത്.
കല്യാണ്‍ പടിഞ്ഞാറ് ഗാന്ധാരി പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്. ടിറ്റ്വാലയ്ക്കടുത്തുള്ള ഖാദാവലി പ്രദേശത്ത് നാഗേന്ദ്രയ്ക്ക് ഒരു ക്ലിനിക്കും ഭിവണ്ടിക്ക് സമീപമുള്ള ബാപ്ഗാവ് പ്രദേശത്ത് സൂരജിന് ഒരു ക്ലിനിക്കും ഉണ്ടായിരുന്നു. നാഗേന്ദ്രയുടെ ഭാര്യ വസായ് വിരാറില്‍ ചികില്‍സയിലാണ്. അതേസമയം, ഇരു മരണങ്ങളും കെഡിഎംസി പരിധിക്ക് പുറത്തായതിനാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ഞങ്ങളുടെ പക്കലില്ലെന്ന് മുനിസിപ്പല്‍ ഭരണകൂടം അറിയിച്ചു.സംസ്ഥാന സർക്കാർ കോവിഡിനെതിരെ യാതൊന്നും ചെയ്യുന്നില്ലെന്നാണ് ആരോപണം.
സൂരജിന്റെ സഹോദരനും ഡോക്ടറാണ്. നാഗേന്ദ്ര മിശ്രയുടെ ജന്മദിനത്തിലാണ് മരണം.സൂരജ് 2020 നവംബറില്‍ ആണ്വ വിവാഹിതനായത്. കഴിഞ്ഞ വര്‍ഷം കല്യാണ്‍ ഡോംബിവാലി മുനിസിപ്പല്‍ കോര്‍പറേഷനില്‍ നാല് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കൊവിഡ് വ്യാപനം അതിതീവ്രമായ മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരമാണ്.
സംസ്ഥാനത്ത് 67,123 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 419 പേര്‍ മരണപ്പെട്ടു. ഇതോടെ മഹാരാഷ്ട്രയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 37,70,707 ആയി. 30,61,174 പേര്‍ രോഗമുക്തരായി. 56,783 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തിയുണ്ടായി. 81.8 ശതമാനമാണ് മഹാരാഷ്ട്രയുടെ രോഗമുക്തി നിരക്ക്. 1.59 ശതമാനമാണ് മരണനിരക്ക്.
Post Your Comments