ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ദീപ് സിദ്ദുവിനെ വീണ്ടും അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. റിപ്പബ്ലിക് ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട കേസിൽ ദീപ് സിദ്ദുവിന് ജാമ്യം ലഭിച്ചിരുന്നു. ജാമ്യം നേടി മണിക്കൂറുകൾ മാത്രം പിന്നിട്ടപ്പോഴാണ് ക്രൈം ബ്രാഞ്ച് ദീപ് സിദ്ദുവിനെ വീണ്ടും അറസ്റ്റ് ചെയ്തത്.
കേസ് അന്വേഷണവുമായി സഹകരിക്കണമെന്നും പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ജാമ്യ ഹർജി പരിഗണിക്കവേ കോടതി നിർദ്ദേശിച്ചിരുന്നു. 30,000 രൂപയുടെ രണ്ട് ബോണ്ട് നൽകണമെന്നും രണ്ട് പേരുടെ ആൾ ജാമ്യം ഹാജരാക്കണമെന്നും ദീപ് സിദ്ദുവിന് കോടതി നിർദ്ദേശം നൽകിയിരുന്നു. ജനുവരി 26ന് കാർഷിക നിയമങ്ങൾക്കെതിരായി ചെങ്കോട്ടയിലേയ്ക്ക് നടത്തിയ ട്രാക്ടർ റാലി അക്രമാസക്തമാകുകയായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരി 9നാണ് ദീപ് സിദ്ദുവിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
സംഘർഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദീപ് സിദ്ദു പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും അക്രമ സംഭവങ്ങളുടെ മുഖ്യ സൂത്രധാരൻ സിദ്ദുവാണെന്നുമായിരുന്നു ഡൽഹി പോലീസിന്റെ കണ്ടെത്തൽ. ദീപ് സിദ്ദുവും ഇഖ്ബാൽ സിംഗും ചേർന്നാണ് പ്രതിഷേധക്കാരെ ചെങ്കോട്ടയിലേയ്ക്ക് നയിച്ചതെന്ന് ഡൽഹി പോലീസ് ക്രൈം ബ്രാഞ്ചും കണ്ടെത്തിയിരുന്നു.
Post Your Comments