തിരുവനന്തപുരം : കേരള സർവകലാശാലയിൽ മുൻ എംപി പികെ ബിജുവിൻ്റെ ഭാര്യ നിയമനം നേടിയത് ഡാറ്റാ തട്ടിപ്പ് നടത്തി തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിലൂടെയാണെന്ന് പരാതി. കേരള സർവ്വകലാശാലയുടെ ബയോകെമിസ്ട്രി പഠന വകുപ്പിൽ ബിജുവിന്റെ ഭാര്യ ഡോ. വിജി വിജയന് അസിസ്റ്റന്റ് പ്രൊഫസ്സർ ആയി നിയമനം നേടിയത് വിവാദത്തിലായിരുന്നു. ഇപ്പോഴിതാ വിജി സമർപ്പിച്ച പ്രബന്ധം ഡേറ്റ തട്ടിപ്പ് നടത്തിയതാണെന്നു ആരോപിച്ചു രേഖകൾ സഹിതം സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി.
അന്തർദ്ദേശീയതലത്തിൽ പ്രസിദ്ധിയാർജ്ജിച്ച പബ്പീർ(Pubpeer) വെബ്സൈറ്റാണ് ഡാറ്റയിലെ ഏകരൂപത കണ്ടെത്തിയിട്ടുള്ളതെന്നാണ് ആക്ഷേപം. ഇത് ചൂണ്ടിക്കാട്ടി ഡേറ്റാ തട്ടിപ്പ് നടത്തിയതിന് ഡോ: വിജി വിജയന് എതിരേ നിയമ നടപടികൾ കൈക്കൊള്ളണമെന്നും അധ്യാപക നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പിന്റെ രേഖകൾ സഹിതമുള്ള പരാതി ഗവർണർക്കും, യുജിസി ചെയർമാനും കേരള സർവ്വകലാശാല വൈസ് ചാൻസലർക്കും നൽകി.
ഡോ. വിജി വിജയന് അസിസ്റ്റന്റ് പ്രൊഫസ്സർ ആയി നിയമനം നൽകിയത് ഏറെ വിവാദമായിരുന്നു. ഉന്നത യോഗ്യതകളുള്ള നിരവധി ഉദ്യോഗാർത്ഥികളെ ഒഴിവാക്കിയാണ് ബിജുവിന്റെ ഭാര്യക്ക് നിയമനം നൽകിയതെന്ന പരാതി നേരത്തെ ഉയർന്നിരുന്നു
2013 ൽ സംവരണ തസ്തികയിലേക്ക് നടന്ന നിയമനത്തിന് 18 അപേക്ഷകർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ബിജുവിന്റെ ഭാര്യയ്ക്ക് നിയമനം ലഭിച്ചിരുന്നില്ല. എന്നാൽ 2020 ൽ അപേക്ഷിച്ച 140 ഓളം പേരിൽ നിന്നാണ് ഓപ്പൺ തസ്തികയിൽ ഒന്നാംറാങ്ക് ലഭിച്ചത്.
Post Your Comments