കണ്ണൂര്‍: പെരുമാറ്റച്ചട്ടം നിലനില്‍ക്കെ, കണ്ണൂര്‍ സര്‍വകലാശാലയില്‍ ചട്ടങ്ങള്‍ മറികടന്ന് തന്നെ നിയമിക്കാന്‍ നീക്കമെന്ന പരാതിയില്‍ പ്രതികരണവുമായി എ എന്‍ ഷംസീര്‍ എം എല്‍ എയുടെ ഭാര്യ ഡോ സഹല. ഷംസീറിന്റെ ഭാര്യ ആയതു കൊണ്ട് മാത്രമാണ് തന്നെ വേട്ടയാടുന്നതെന്ന് സഹല പറഞ്ഞു. ഒരു ആനുകൂല്യങ്ങളും തനിക്ക് ഇതുവരെ കിട്ടിയിട്ടില്ല.
ഷംസീറിന് മികച്ചൊരു പൊളിറ്റിക്കല്‍ കരിയറുണ്ട്. ഷംസീറിന്റെ ഭാര്യയായത് കൊണ്ട് താന്‍ വീട്ടമ്മയായി ഇരിക്കണമെന്നാണോ? ഇന്ന് ഉച്ചയ്‌ക്ക് ഒരു ഇന്റര്‍വ്യൂ ഉണ്ടെന്ന് അറിഞ്ഞാല്‍ താന്‍ അര്‍ഹയാണെങ്കില്‍ അതില്‍ പങ്കെടുക്കുമെന്നും അതില്‍ നിന്ന് മാറി നില്‍ക്കില്ലെന്നും സഹല വ്യക്തമാക്കി.
read also: സനു മോഹന്‍ ഉടന്‍ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ തിടുക്കപ്പെട്ട് ഇന്റര്‍വ്യൂ നടത്തിയത് എന്തിനാണെന്ന് സര്‍വകലാശാല വിശദീകരിക്കട്ടെ. ശുപാര്‍ശ വഴിയാണെങ്കില്‍ നേരത്തെ ജോലി കിട്ടിയേനെ. മതിയായ യോഗ്യത ഉണ്ടായതു കൊണ്ടാണ് ജോലിയ്‌ക്ക് അപേക്ഷിച്ചത്. വിവാദങ്ങള്‍ ഉണ്ടായതു കൊണ്ട് പിന്മാറില്ലെന്നും ഡോ സഹല പറഞ്ഞു.
2020 ജൂണ്‍ മുപ്പതിനാണ് കണ്ണൂര്‍ സര്‍വകലാശാല എച്ച് ആര്‍ ഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്‌ടര്‍ തസ്‌തികയിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. യു ജി സി വ്യവസ്ഥ അനുസരിച്ച് എച്ച് ആര്‍ ഡി സെന്ററിലെ തസ്‌തികകള്‍ താത്ക്കാലികമാണെങ്കിലും അസിസ്റ്റന്റ് ഡയറക്‌ടറുടെ സ്ഥിരം തസ്‌തിക സൃഷ്‌ടിക്കാന്‍ സര്‍വകലാശാലയ്‌ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു.
ഡയറക്‌ടറുടെ തസ്‌തികയില്‍ നിയമനം നടത്താതെയാണ് അസിസ്റ്റന്റ് ഡയറക്‌ടറുടെ നിയമനം മാത്രം തിരക്കിട്ട് നടത്തുന്നത്. ഇതിനായി ഇന്നലെ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നതിനുളള അറിയിപ്പ് അപേക്ഷകരായ 30 പേര്‍ക്ക് ഇമെയില്‍ ആയി അയച്ചിരുന്നു. കുസാറ്റില്‍ ഒരു തസ്‌തികയിലേക്കുളള നിയമനത്തിന് ഉയര്‍ന്ന സ്കോര്‍ പോയിന്റ് ഉളള പരമാവധി 10 പേരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കുമ്ബോള്‍ കണ്ണൂരില്‍ ഒറ്റ തസ്തികയ്ക്ക് 30 പേരെ ക്ഷണിക്കാന്‍ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാര്‍ക്കിനുളളില്‍ പെടുത്തുന്നതിനാണെന്നാണ് പ്രധാന ആരോപണം.
Post Your Comments