ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം യ്യുന്നതായും, കുറ്റം ചെയ്തവർ അതിന്റെ നിയമപരമായ പ്രത്യാഘാതം നേരിടട്ടെയെന്നും നമ്പി നാരായണൻ പ്രതികരിച്ചു. കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണോ അല്ലയോ എന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ്.ആർ.ഒ ചാരക്കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സി.ബി.ഐ അന്വേഷിക്കണമെന്നാണ് സുപ്രീംകോടതി വിധിച്ചത്. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും, വേണ്ടിവന്നാൽ ഇനിയും പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഒരു കുറ്റം നടന്നിട്ടുണ്ട്. അതിന്‍റെ ഇരയാണ് താൻ. നിയമപരമായ കാര്യങ്ങൾ അതിന്‍റെ ഭാഗത്ത് നടക്കട്ടെ. സുപ്രീംകോടതിയാണ് അന്വേഷണ സമിതി ഉണ്ടാക്കിയത്’. നമ്പി നാരായണൻ പറഞ്ഞു.
ചാരക്കേസിന്റെ അന്വേഷണം നടത്തിയത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യു, കെ.കെ. ജോഷ്വ, എസ്. വിജയൻ തുടങ്ങിയവരാണ്. കേസ് അടിസ്ഥാനരഹിതമാണെന്ന് സി.ബി.ഐ കണ്ടെത്തിയതിനെ തുടർന്ന് നമ്പി നാരായണന് ഒരു കോടി 30 ലക്ഷം രൂപ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകിയിരുന്നു.
Post Your Comments