ന്യൂഡൽഹി: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലിയ്ക്ക് ശാസന. സൺ റൈസേഴ്‌സിനെതിരായ മത്സരത്തിൽ ഔട്ടായ ശേഷം ഡഗ്ഔട്ടിലെ കസേര അടിച്ചുതെറിപ്പിച്ചതിനാണ് കോഹ്‌ലി ‘ചീത്ത കേട്ടത്’. തെറ്റ് ഏറ്റുപറഞ്ഞ് താരം തന്നെ രംഗത്തെത്തിയതോടെയാണ് ശിക്ഷ ശാസനയിൽ ഒതുങ്ങിയത്.
ജേസൺ ഹോൾഡർ എറിഞ്ഞ 13-ാം ഓവറിലാണ് സംഭവം. മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്ന കോഹ്‌ലിയുടെ ഷോട്ട് വിജയ് ശങ്കർ കൈപ്പിടിയിലൊതുക്കി. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിൽ പിടിച്ചുനിന്നെങ്കിലും മികച്ച സ്‌കോർ കണ്ടെത്താൻ കഴിയാഞ്ഞത് താരത്തെ നിരാശനാക്കിയിരുന്നു. 29 പന്തിൽ 29 റൺസ് നേടിയാണ് കോഹ്‌ലി പുറത്തായത്. മൂന്നാം വിക്കറ്റിൽ ഗ്ലെൻ മാക്‌സ്‌വെല്ലുമായി ചേർന്ന് 44 റൺസിന്റെ കൂട്ടുകെട്ടും കോഹ്‌ലി പടുത്തുയർത്തിയിരുന്നു.
പുറത്തായതിലെ നിരാശയുമായി ഡഗ്ഔട്ടിലേയ്ക്ക് നടന്ന കോഹ്‌ലി വഴിയിൽ ഉണ്ടായിരുന്ന കസേര ബാറ്റുകൊണ്ട് അടിച്ച് തെറിപ്പിക്കുകയായിരുന്നു. ഐപിഎൽ ചട്ടത്തിലെ ലെവൽ വൺ കുറ്റമാണ് കോഹ്‌ലി ചെയ്തതെന്ന് ഐപിഎൽ അധികൃതർ മത്സര ശേഷം വ്യക്തമാക്കി. ആവേശകരമായ മത്സരം 6 റൺസിന് ബാംഗ്ലൂർ തന്നെയാണ് വിജയിച്ചത്.
Post Your Comments