കെ.ടി ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി നിയമ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.ബന്ധുനിയമന വിവാദത്തിൽ മുൻ മന്ത്രി കെ.ടി.ജലീൽ യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് വരുത്തിയത് മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണെന്ന രേഖകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പി നിയമനടപടിക്ക് ഒരുങ്ങുന്നതെന്ന് മുരളീധരൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മൗനം ചിലതെല്ലാം വിളിച്ചുപറയുന്നുണ്ടെന്നും, സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും വി. മുരളീധരൻ പറഞ്ഞു. സ്വന്തം മന്ത്രിസഭയിലെ ഒരംഗം രാജിവച്ചതിനെപ്പറ്റി ജനങ്ങളോട് മുഖ്യമന്ത്രി എന്തുകൊണ്ട് വിശദീകരിക്കുന്നില്ലെന്നും വി. മുരളീധരന്‍ ചോദിച്ചു.
പിണറായി വിജയന് അഴിമതിയോടല്ല അത് ചോദ്യം ചെയ്യുന്നവരോടാണ് അസഹിഷ്ണുതയെന്ന് വ്യക്തമായിരിക്കുന്നുവെന്നും, മുഖ്യമന്ത്രിയുടെ അഴിമതിക്ക് കൂട്ടുനിന്നുകൊണ്ട് മൗനം പാലിക്കുന്ന സി.പി.എമ്മിന്റെ അഴിമതി വിരുദ്ധതയെന്ന കാപട്യം ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും കുടുങ്ങും എന്നുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് ഒരു പരിശോധനയും കൂടാതെ ജലീലിനെതിരെ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതിയില്‍ പറഞ്ഞത് . മുഖ്യമന്ത്രിയുടെ കാപട്യം തെളിയിക്കുകയാണ് നിയമപോരാട്ടത്തിന്റെ ലക്ഷ്യമെന്നും വി.മുരളീധരൻ വ്യക്തമാക്കി.
Post Your Comments