ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത വാക്‌സിൻ ഡോസുകളുടെ എണ്ണം 11 കോടി കടന്നു. 16,53,488 സെഷനുകളിലായി 11,11,79,578 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 40 ലക്ഷത്തിലധികം ആളുകൾക്കാണ് വാക്‌സിൻ നൽകിയത്. രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത മൊത്തം ഡോസുകളുടെ 60.16 ശതമാനവും 8 സംസ്ഥാനങ്ങളിലാണ്. ഇതിനിടെ രാജ്യത്ത് ഇതുവരെ നടന്ന കോവിഡ് പരിശോധനകളുടെ എണ്ണം 26 കോടി (26,06,18,866) കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,11,758 പരിശോധനകളാണ് രാജ്യത്ത് നടന്നത്. പ്രതിദിനം 15 ലക്ഷം പരിശോധനകൾ എന്ന നിലയിലേക്ക് രാജ്യത്തെ പരിശോധന സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, ഡൽഹി, മധ്യപ്രദേശ്, കർണാടക, കേരളം, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ പത്ത് സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഉയരുകയാണ്. ഇന്നലെ സ്ഥിരീകരിച്ച പുതിയ കേസുകളിൽ 82.04 ശതമാനവും ഈ 10 സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
Post Your Comments