COVID 19KeralaLatest NewsNewsIndia

രണ്ടാം തരംഗത്തിൽ ഞെട്ടി രാജ്യം; ഏറ്റവും വലിയ പ്രതിദിന വർദ്ധനവ്, 24 മണിക്കൂറിനുള്ളിൽ 1.84 ലക്ഷം കേസുകൾ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1.84 ലക്ഷം പുതിയ കൊവിഡ് കേസുകളാണ്. ഇതുവരെ റിപ്പോർട്ട് ചെയ്തതിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 1027 പേർ ഇന്നലെ മാത്രം മരണപ്പെട്ടു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇതാദ്യമായാണ് ഒരു ദിവസം 1027 പേർ മരണപ്പെടുന്നത്. മരണനിരക്കും ദിനംപ്രതി വർധിച്ച് വരികയാണ്.

രാജ്യത്ത് നിലവിൽ 13 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ നാല് ദിവസവും ഒന്നരലക്ഷത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. എട്ട് ദിവസത്തിലധികമായി പ്രതിദിനം ഒരു ലക്ഷത്തിന് മുകളിൽ കൊവിഡ് കേസുകളുണ്ട് രാജ്യത്ത്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ ഇപ്പോൾ. ഒന്നാംസ്ഥാനത്ത് അമേരിക്കയാണ്.

Also Read:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് യോഗി സർക്കാർ; ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചു

രാജ്യത്ത് കൊവിഡ് കേസുകൾ ഏറ്റവുമധികമുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാണ്. അറുപതിനായിരം പുതിയ കൊവിഡ് കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 281 പേർ ഇന്നലെ മഹാരാഷ്ട്രയിൽ മരണപ്പെട്ടു. മഹാരാഷ്ട്രയിൽ ആശുപത്രികളിൽ ആശുപത്രി ബെഡ്ഡുകൾക്കും മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകൾക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്. മൃതശരീരങ്ങളെല്ലാം പുറത്ത് കിടത്തേണ്ട അവസ്ഥയാണുള്ളത്. കൊവിഡ് രോഗികളെ കിടത്തിചികിത്സിക്കാൻ സൗകര്യമില്ലാതെ വരികയാണ്.

രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് കർണാടകയാണ്. തമിഴ്നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നിൽ. സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് ഗവർണർമാരുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. മഹാരാഷ്ട്രയിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button