കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരാധനാലയങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതിന് നിയന്ത്രണമേർപ്പെടുത്തി യു.പി സർക്കാർ. അഞ്ചിലധികം ആളുകൾ ഒരേസമയം ആരാധനാലയങ്ങളിൽ ഒത്തുകൂടാൻ പാടില്ല. നവരാത്രി, റമദാൻ ആഘോഷങ്ങളിൽ ഉണ്ടാകാനിടയുള്ള നിയന്ത്രണാതീതമായ തിരക്ക് മുൻകൂട്ടി കണ്ടാണ് സർക്കാർ തീരുമാനം.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ലഖ്നോവിലെ ലോക്ഭവനിൽ വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ 4000 ഐ.സി.യു കിടക്കകൾ ഒരുക്കണമെന്നും അദ്ദേഹം നിർദേശം നൽകി. കൂടുതൽ ആംബുലൻസുകൾ തയാറാക്കി വെക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 6,76,739 ആയി. കോവിഡ് മൂലം 9,085 പേരാണ് ഇതുവരെ മരിച്ചത്.
Post Your Comments