തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് തിരഞ്ഞെടുപ്പു പ്രചരണത്തില്‍ വീഴ്ചപറ്റിയതായി കെപിസിസി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രചരണ വേദിയില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യവും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉപതിരഞ്ഞെടുപ്പിലേതിനു സമാനമായി അട്ടിമറി ഇത്തവണയും നടന്നോ എന്നും സംശയമുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ ഉടന്‍ നിയോഗിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
2016 ല്‍ കെ മുരളീധരന്‍ 51,000 വോട്ട് നേടിയ സ്ഥാനത്ത് ഉപതിരഞ്ഞെടുപ്പില്‍ 40,000 വോട്ടുമാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്. പ്രചരണ രംഗത്തുണ്ടായ വീഴ്ച്ചകൂടി പരിഗണിച്ചാല്‍ വിജയ സാധ്യതക്കു മങ്ങലേല്‍ക്കുമോ എന്നാണ് നേതാക്കള്‍ ഭയപ്പെടുന്നത്. ഇത് കൂടാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ സ്ഥാനാര്‍ത്ഥി പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയതോടെയാണ് വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പു പ്രചരണത്തില്‍ വീഴ്ച്ചയുണ്ടായി എന്ന ആക്ഷേപം ശക്തമാകുന്നത്.
ഇതിനെ ഗുരുതര അച്ചടക്ക ലംഘനമായാണ് കെപിസിസി ഇതിനെ കണക്കാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. അന്വേഷണം നടത്തിയ ഡി.സി.സി. പോസ്റ്റര്‍ വിറ്റ മണ്ഡലം ട്രഷററെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ നടന്ന വോട്ടു മറിക്കലും ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടോയെന്ന് അന്വേഷിക്കും. ഇതിനായി കെപിസിസി സെക്രട്ടറിമാരടങ്ങുന്ന മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
Post Your Comments