കൊച്ചി : വ്യവസായി എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ആടിയന്തിരമായി ചതുപ്പില്‍ ഇടിച്ചിറക്കിയത് മോശം കാലാവസ്ഥ മൂലമാണെന്ന വിശദീകരണവുമായി ലുലു ഗ്രൂപ്പ്. ഹെലികോപ്റ്റർ ഇടിച്ചിറക്കിയത് പൈലറ്റിൻ്റെ തീരുമാനപ്രകാരമാണെന്നും അപകടമൊഴിവാക്കാനുള്ള മുന്‍കരുതലായാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്നും ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദകുമാര്‍ വ്യക്തമാക്കി.
കനത്ത മഴയെ തുടര്‍ന്നുള്ള പ്രതികൂല കാലാവസ്ഥയില്‍ യാത്രക്കാരുടെ സുരക്ഷ കണക്കാക്കിയാണ് പരിചയസമ്പന്നനായ പൈലറ്റ് തുറസായ ഭൂപ്രദേശത്തേക്ക് ഹെലികോപ്റ്റര്‍ ഇറക്കിയത്. ‘ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പോലെ കോപ്റ്റര്‍ ക്രാഷ് ലാന്‍ഡ് ചെയ്യുകയായിരുന്നില്ല. മഴമൂലം പറക്കല്‍ ദുഷ്‌കരമാണെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. യാത്രക്കാരുടെയും പ്രാദേശവാസികളുടെയും സുരക്ഷയെ കരുതിയാണ് അടിയന്തിരമായി ഇറക്കിയതെന്ന്’ നന്ദകുമാർ വ്യക്തമാക്കുന്നു.
ഇന്ന് രാവിലെ എട്ടരയോടെയാണ് പനങ്ങാട് പോലീസ് സ്റ്റേഷനരികിലെ ചതുപ്പിലേക്ക് ഹെലിക്കോപ്റ്റര്‍ ഇടിച്ചിറങ്ങിയത്. എം എ യൂസഫലി, ഭാര്യ, രണ്ട് പൈലറ്റുമാര്‍, രണ്ട് സെക്രട്ടറിമാര്‍ എന്നിവരായിരുന്നു ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരെ സുരക്ഷിതരായി പുറത്തിറക്കി തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Post Your Comments