കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. കോഴിക്കോട് ജില്ലയിലാണ് വ്യാപകം രൂക്ഷമാകുന്നത്. ഈ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ബീച്ച്, ഡാം തുടങ്ങിയ വിനോദ സഞ്ചാര മേഖലകളിലേക്ക് അഞ്ചുമണിക്ക് ശേഷം പ്രവേശനം അനുവദിക്കില്ല. കണ്ടയിന്റമെന്റ് സോണുകളില്‍ ഒത്തുചേരലുകൾക്ക് വിലക്ക് ഏർപ്പെടുത്തി ഭരണകൂടം. നിയന്ത്രണങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
വിവാഹ, മരണ ചടങ്ങുകളില്‍ നൂറുപേരില്‍ കൂടുതല്‍ പാടില്ലെന്ന് ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. എല്ലാ പൊതുയോഗങ്ങള്‍ക്കും രണ്ടാഴ്ച വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കോഴിക്കോട് ജില്ലയില്‍ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾ. 1271 പേര്‍ക്കാണ് ഇന്ന് കോഴിക്കോട് മാത്രം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 407 പേര്‍ക്ക് രോഗമുക്തി നേടുകയും ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്ക് പോസിറ്റീവായി.
1246 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് കൊവിഡ് ബാധിച്ചത്. 18 പേരുടെ ഉറവിടം വ്യക്തമല്ല. അതേസമയം, 6986 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂർ 575, തിരുവനന്തപുരം 525, തൃശൂർ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസർകോട് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ 44,389 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,17,700 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
Post Your Comments