പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിനു മുന്നിലെ സിനിമാ ചിത്രീകരണം തടഞ്ഞ് ബിജെപി പ്രവർത്തകർ. ക്ഷേത്രമുറ്റത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ ലീഗിൻ്റെയും മറ്റ് മതക്കാരുടെയും പേരിലുള്ള കൊടി ഉയർത്തിയുള്ള ചിത്രീകരണമാണ് ബിജെപി പ്രവർത്തകർ തടഞ്ഞത്. ഇതിൻ്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവിച്ചതെന്താണെന്ന് വീഡിയോയിൽ യുവാവ് പറയുന്നു. യുവാവിൻ്റെ വാക്കുകളിങ്ങനെ:
‘ക്ഷേത്രമുറ്റത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ ലീഗിൻ്റെയും മറ്റ് മതക്കാരുടെയും പേരിലുള്ള കൊടി ഉയർത്തി ഷൂട്ടിംഗ് നടത്താൻ ശ്രമിക്കുകയുണ്ടായി. ബിജെപിയുടെയും ആർ എസ് എസിൻ്റെയും പ്രവർത്തകർ വന്ന് തടഞ്ഞില്ലെങ്കിൽ അത് ക്ഷേത്രത്തിനെ തന്നെ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള അഭിമാന പ്രശ്നമായി മാറിയേനെ. അമ്പലക്കമിറ്റിക്കാർ അനുവാദം കൊടുത്തുവെന്നാണ് അറിഞ്ഞത്. പണം കിട്ടിക്കഴിഞ്ഞാൽ എന്തിനേയും വിൽക്കുന്ന സ്വഭാവമാണ് ദേവസ്വം ബോർഡിനുള്ളത്’.- വീഡിയോയിൽ യുവാവ് പറയുന്നു.
‘നീയാം നദി’ എന്ന സിനിമയുടെ ഷൂട്ടിങ് ആണ് പ്രവർത്തകർ തടഞ്ഞത്. ക്ഷേത്രം അധികാരികളിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് ഇവിടെ ചിത്രീകരണം തുടങ്ങിയതെന്ന് അണിയറപ്രവർത്തകർ പറയുന്നു. മറ്റൊരിടത്തേക്ക് ലൊക്കേഷൻ മാറ്റി ചിത്രീകരണം തുടരാനുള്ള ശ്രമത്തിലാണ് സിനിമയുടെ പ്രവർത്തകർ.
Post Your Comments