മീഞ്ച: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പോളിംങ് ശതമാനമനുസരിച്ചുള്ള കണക്കുകൂട്ടലിലാണ് മുന്നണികൾ. മഞ്ചേശ്വരത്തും ഇത്തരം കണക്കുകൂട്ടലുകൾ നടക്കുകയാണ്. മഞ്ചേശ്വരത്ത് ബിജെപി വിജയിക്കുമോയെന്ന ആശങ്കയിലാണ് മുസ്ളിം ലീഗ്. കോൺഗ്രസ് വോട്ട് ബി.ജെ.പിക്ക് പോയെന്ന സംശയത്തിലാണ് നേതൃത്വം.
മഞ്ചേശ്വരത്ത് യു.ഡി.എഫിന് ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടുകൾ ഇത്തവണ ബി.ജെ.പിക്ക് പോയെന്ന വിലയിരുത്തലിലാണ് പാർട്ടി കേന്ദ്രങ്ങൾ എന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് ഇക്കാര്യങ്ങൾ നടന്നതെന്നാണ് ലീഗ് കരുതുന്നത്. കോൺഗ്രസ് നേതൃത്വം തന്നെ കാലുവാരിയെന്നും നേതാക്കളുടെ അറിവോടെ പ്രവർത്തകർ കൂട്ടത്തോടെ ബിജെപിക്ക് വോട്ട് മറിച്ചുവെന്നുമാണ് മുസ്ളിം ലീഗ് കരുതുന്നത്.
കോൺഗ്രസിന് പൊതുവേ സ്വാധീനമുള്ള വോർക്കാടി, മീഞ്ച, പൈവളിഗെ, പുത്തിഗെ എന്നീ പഞ്ചായത്തുകളിലാണ് ബി.ജെ.പിക്ക് അനുകൂലമായി വോട്ട് മറിച്ചതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 15 വർഷമായി കോൺഗ്രസ് ഭരണം നടത്തിയിരുന്ന മീഞ്ച പഞ്ചായത്തിൽ ഭരണം നഷ്ടപ്പെട്ടതിനും ബ്ലോക്ക് പഞ്ചായത്തിൽ മുഴുവൻ അംഗങ്ങളെ നഷ്ടപ്പെടാൻ ഇടയാക്കിയതിനും പിന്നിൽ ഇത്തവണത്തെ യു.ഡി.എഫ് സ്ഥാനാർഥിയാണെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ ആരോപിച്ചിരുന്നു. ഈ അനിഷ്ടം ഇത് വോട്ടിലും പ്രതിഫലിച്ചിരിക്കാമെന്നാണ് വിലയിരുത്തൽ.
Post Your Comments