വര്‍ക്കല: റെയില്‍വേ ട്രാക്കില്‍ തെങ്ങിന്‍ തടി കയറ്റി വച്ച് ട്രെയില്‍ അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടവ സ്വദേശികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ഇടവ കാണംമൂട് ഷൈലജ മന്‍സിലില്‍ താജുദീന്റെ മകന്‍ ബിജു താജുദീൻ (30), ഇടവ പാക്കിസ്ഥാന്‍ മുക്ക് തൊടിയില്‍ വീട്ടില്‍ ഷംസീറിന്റെ മകന്‍ സാജിദ് (27) എന്നിവരെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ട്രാക്കിന് സമീപം ഇരുന്ന് മദ്യപിച്ച ശേഷം മദ്യലഹരിയിലാണ് പ്രതികള്‍ ട്രാക്കിലേക്ക് രണ്ടര അടി നീളം വരുന്ന വലിയ ഉരുളന്‍ തെങ്ങിന്‍ തടി കയറ്റി വച്ചത്.സംഭവം നടന്ന സ്ഥലത്തിന് പരിസരത്തുള്ള നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചത് . സംഭവത്തെ തുടര്‍ന്ന് നിര്‍ത്തിയ ട്രെയിന്‍ ഏകദേശം നാലു മിനിറ്റ് വൈകിയാണ് യാത്ര തുടര്‍ന്നത്.
വര്‍ക്കല സ്റ്റേഷന്‍ മാസ്റ്റര്‍ പ്രസന്നകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത് . ഇന്നലെ രാത്രി 12.50ന്15 ന് ഇടവ – കാപ്പില്‍ സ്റ്റേഷനുകള്‍ക്ക് ഇടയിലായിരുന്നു സംഭവം.ചെന്നൈ എഗ്മോറില്‍ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന എക്സ്‌പ്രസ് ട്രെയിന്‍ കടന്നുപോകുന്നതിന് തൊട്ടുമുമ്പ് റെയില്‍വേ ട്രാക്കില്‍ തെങ്ങുംതടി കയറ്റി വെയ്ക്കുക ആയിരുന്നു.
ട്രെയിനിന്റെ അടിഭാഗത്ത് തെങ്ങിന്‍ തടി തട്ടിയപ്പോള്‍ ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തി. ഭാഗ്യം കൊണ്ടാണ് നൂറുകണക്കിന് യാത്രക്കാര്‍ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണര്‍ എം. ശിവദാസന്‍ സ്ഥലം സന്ദര്‍ശിച്ചു.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ രജനി നായര്‍, സബ്‌ഇന്‍സ്‌പെക്ടര്‍ മായ ബീന, പി.ഗോപാലകൃഷ്ണന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ അജിത്കുമാര്‍, സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ഓഫീസര്‍ രാജു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.92/21 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ യു.എസ്-153,147 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്. 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ആണിത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.
Post Your Comments