കൊല്ലം: പ്രവാസിയെ കൊടുവാളിന് വെട്ടിക്കൊലപ്പെടുത്തി ബന്ധുവിന്റെ വീടിന് പിന്നില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഓയൂര്‍ കരിങ്ങന്നൂര്‍ ആറ്റൂര്‍കോണം പള്ളിവടക്കതില്‍ ഹാഷിം (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആറ്റൂര്‍കോണം സ്വദേശിയായ ഷറഫുദ്ദീന്‍, നിസാം എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
Read Also : ഭവന വായ്പകളുടെ പലിശ നിരക്ക് സംബന്ധിച്ച് എസ്.ബി.ഐയുടെ പുതിയ അറിയിപ്പ്
മാര്‍ച്ച് 31 ന് ഹാഷിമിനെ ഷറഫുദ്ദീന്‍ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. അന്നുതന്നെ സുഹൃത്തായ നിസാമിനെ വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് ഷറഫുദ്ദീന്റെ വീടിന് പിന്‍ഭാഗത്തായി കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.
ഹാഷിമിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണത്തിലായിരുന്നു. തുടര്‍ന്ന് 2 ന് പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കി. പൊലീസ് ആദ്യം നടത്തിയ അന്വേഷണത്തില്‍ത്തന്നെ ചില സംശയങ്ങള്‍ തോന്നിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പൊലീസ് നായയെ കൊണ്ടുവന്നു. നായ മണംപിടിച്ചെത്തിയത് ഷറഫുദ്ദീന്റെ വീട്ടിലേക്കാണ്. ഇതേത്തുടര്‍ന്ന് ഷറഫുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്തപ്പോഴാണ് മദ്യം നല്‍കാമെന്ന് പറഞ്ഞ് ഹാഷിമിനെ വിളിച്ചുവരുത്തിയതും കൊലപ്പെടുത്തിയതുമായ സംഭവങ്ങള്‍ വ്യക്തമാക്കിയത്. നേരത്തെ ഹാഷിമും ഷറഫുദ്ദീനും വിദേശത്തായിരുന്നു. അവിടെവച്ച് ഹാഷിം ഇരുപത്തയ്യായിരം രൂപ ഷറഫുദ്ദീന് കടം നല്‍കിയിരുന്നു. ഈ തുക പിന്നീട് തിരിച്ചു നല്‍കിയില്ല. ഇത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഷറഫുദ്ദീന്റെ വീട്ടില്‍ ചാരായം വാറ്റാറുണ്ടായിരുന്നു. വാറ്റ് ചാരായം കുടിക്കാനായിട്ടാണ് ഹാഷിമിനെ വിളിച്ചു വരുത്തിയത്. ചാരായം കുടിച്ചുതീര്‍ന്നപ്പോള്‍ ഇന്ന് തിരികെ പോകേണ്ടയെന്ന് പറഞ്ഞ് വീട്ടില്‍ത്തന്നെ കിടത്തി. പിന്നീടാണ് കൊടുവാള്‍ കൊണ്ട് വെട്ടിയത്. മരിച്ചുവെന്ന് ഉറപ്പാക്കിയശേഷമാണ് സുഹൃത്തായ നിസാമിനെ വിളിച്ചുവരുത്തിയത്. നിസാമിന് ചാരായം നല്‍കിയ ശേഷം ഇരുവരും ചേര്‍ന്ന് വീടിന്റെ പിന്നിലായി വലിയ കുഴിയെടുത്ത് ഹാഷിമിനെ അതിലിട്ട് മൂടി. ആരും അറിയില്ലെന്ന ധാരണയില്‍ ദിവസങ്ങള്‍ തള്ളി നീക്കുമ്പോഴാണ് പൊലീസ് നായ മണംപിടിച്ച് ഷറഫുദ്ദീന്റെ വീട്ടിലെത്തിയത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
Post Your Comments