സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങുന്ന ട്വന്റി-ട്വന്റി ഇടതുപക്ഷത്തിന്റെ ബി ടീമാണെന്ന് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും എം.എൽ.എയുമായ പി. ടി തോമസ്. മണ്ഡലത്തിൽ യു.ഡി.എഫിനെ പരാജയപ്പെടുത്താൻ പിണറായിയും ട്വന്റി 20യും രഹസ്യധാരണയിൽ എത്തിയിട്ടുണ്ടെന്നും പി.ടി. തോമസിന്റെ ആരോപണം.
2019 ൽ പിണറായിയുടെ സാന്നിധ്യത്തിൽ ന്യുയോർക്കിൽ നടന്ന കേരളത്തിലേക്കുള്ള ഫണ്ട് സ്വരൂപണ യോഗത്തിന്റെ മുഖ്യചുമതലക്കാരൻ ട്വന്റി-ട്വന്റി നേതാവായ സാബു ആയിരുന്നുവെന്ന് തന്റെ ആരോപണങ്ങൾക്ക് തെളിവായി പി.ടി. തോമസ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ട്വന്റി-ട്വന്റി പാർട്ടിക്കെതിരെ കടുത്ത ആരോപണങ്ങളാണ് പി.ടി. തോമസ് നടത്തിയത്. യു.ഡി.എഫിന് നിർണ്ണായക സ്വാധീനമുള്ള എറണാകുളം ജില്ലയിൽ വലതുപക്ഷ മുന്നണിയെ പരാജയപ്പെടുത്താൻ പിണറായിയുടെ നിർദേശ പ്രകാരം രൂപം കൊണ്ട പാർട്ടിയാണ് ട്വന്റി-ട്വന്റി എന്ന് പി.ടി. തോമസ് പറഞ്ഞു.
എറണാകുളം ജില്ലയിൽ സി.പി.എമ്മിന്റെ പ്രബല സ്ഥാനാർഥികൾ മത്സരിക്കുന്ന സീറ്റുകളിൽ ട്വന്റി-ട്വന്റി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല, കോൺഗ്രസ്സിന്റെ ശക്തി കേന്ദ്രങ്ങളിൽ മാത്രമാണ് ട്വന്റി-ട്വന്റിക്ക് സ്ഥാനാർഥികൾ ഉള്ളതെന്നും പി.ടി. തോമസ് വ്യക്തമാക്കി.
Post Your Comments