തിരുവനന്തപുരം: അന്തരിച്ച കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായിരുന്ന പി.ടി.തോമസിനെ നിയമസഭ അനുസ്മരിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം വിവിധ കക്ഷി നേതാക്കൾ പി.ടി.തോമസിനെ അനുസ്മരിച്ച് സംസാരിച്ചു. തുടർന്ന്, പി.ടിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയും, അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചും സഭ ഇന്നത്തേക്ക് പിരിഞ്ഞു.
‘എന്നും പി.ടി തോമസ് തനതായ നിലപാടുള്ള നേതാവായിരുന്നു. ചിലപ്പോൾ അത് വ്യക്തിനിഷ്ഠമായിട്ടുണ്ടാകാം. എങ്കിലും, അവയെല്ലാം അദ്ദേഹത്തിൻ്റെ ഉറച്ച നിലപാടുകൾ തന്നെയായിരുന്നു. അതിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകാം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് എത്തിയ അദ്ദേഹം നാല് തവണ നിയസഭയിലും ഒരു തവണ ലോക്സഭയിലും എത്തി’ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
‘ഒരു കാലത്ത് നേതാക്കൾ കടന്നു ചെല്ലാൻ ബുദ്ധിമുട്ടിയ ഇടുക്കിയിലെ ഉൾനാടൻ ഗ്രാമത്തിൽ നിന്നും കേരളത്തിൻ്റെ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ ഇടിമുഴക്കം സൃഷ്ടിച്ചാണ് അദ്ദേഹം കടന്നു പോയത്. കേരളത്തിലെ വിദ്യാർത്ഥി – യുവജന രാഷ്ട്രീയത്തിലെ അഗ്നിയായിരുന്നു ഞങ്ങളുടെ കാഴ്ചപ്പാടിൽ പിടി തോമസ്. അവസാനകാലം വരെ അദ്ദേഹം ആ തീ അണയാതെ സൂക്ഷിച്ചു. ഏറ്റെടുക്കുന്ന ഏത് ചുമതലയുടെയും പൂർണമായ സാക്ഷാത്കാരത്തിന് വേണ്ടി അദ്ദേഹം യത്നിച്ചിരുന്നു’ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
Post Your Comments