ന്യൂഡൽഹി: കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 22, 23 തീയതികളിൽ നടക്കുന്ന ഉച്ചകോടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്.
ഉച്ചകോടിക്കായുള്ള ബൈഡന്റെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തെന്നും അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.
ഉച്ചകോടിയ്ക്ക് മുന്നോടിയായി ഈ മാസം അഞ്ചിന് കാലാവസ്ഥ കാര്യങ്ങൾക്കായുള്ള അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി ജോൺ കെറി ഇന്ത്യ സന്ദർശിക്കും. സന്ദർശന വേളയിൽ വിവിധ കേന്ദ്രമന്ത്രിമാരുമായും കെറി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഉച്ചകോടിയിലേക്ക് ബൈഡൻ നരേന്ദ്ര മോദിയെ ക്ഷണിച്ചത്. ഉച്ചകോടിയിൽ കാലാവസ്ഥാ സംരക്ഷണത്തിനായി രാജ്യങ്ങൾക്ക് നൽകാൻ കഴിയുന്ന സംഭാവനകളെക്കുറിച്ച് വ്യക്തമാക്കണമെന്ന് ബൈഡൻ അഭ്യർത്ഥിച്ചിരുന്നു. മറ്റ് നേതാക്കളെയും ബൈഡൻ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Post Your Comments