തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനായി പാര്‍ട്ടി ഔദ്യോഗികമായോ പാര്‍ട്ടി പ്രസിദ്ധീകരണങ്ങളിലോ അവതരിപ്പിക്കുന്നില്ലെന്ന പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വാദത്തെ തളളി മുന്‍ സി.പി.എം നേതാവും പാര്‍ട്ടി മുഖപത്രത്തിന്റെ ആദ്യ അസോസിയേറ്റ് എഡിറ്ററുമായ അപ്പുകുട്ടന്‍ വളളിക്കുന്ന്. പിണറായി വിജയനെ സി.പി.എം. ഔദ്യോഗികമായി ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത് 2021 മാര്‍ച്ച് 11 മുതലാണ്. സി.പി.എം. മുഖപത്രത്തിന്റെ മുഖപ്രസംഗ പേജില്‍ ക്യാപ്റ്റന്‍ എന്ന തലക്കെട്ടോടെ ലേഖനം പ്രസിദ്ധീകരിച്ചു വന്നിരുന്നു. കേരളത്തിന്റെ ക്യാപ്റ്റന്‍, ക്യാപ്റ്റന്റെ പടയോട്ടം, കടലിരമ്പളില്‍ കപ്പിത്താന്‍ എന്നിങ്ങനെ ഔദ്യോഗിക മുഖപത്രം മുഖ്യമന്ത്രിയുടെ നായക വിശേഷണ പ്രചാരണം തുടരുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
Read Also : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശരണം വിളി വിശ്വാസത്തിന്റെ ഭാഗം : അതിനെ ചോദ്യം ചെയ്യാനാകില്ല തോമസ് ഐസക്
അപ്പുകുട്ടന്‍ വളളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ക്യാപ്റ്റനും കോടിയേരിയും
പാര്‍ട്ടിക്ക് പിണറായി ക്യാപ്റ്റനല്ല സഖാവ് മാത്രമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. ചില ആളുകള്‍ അങ്ങനെ വിശേഷിപ്പിക്കുന്നുണ്ടാവാം. എന്നാല്‍ പാര്‍ട്ടി ഔദ്യോഗികമായോ പാര്‍ട്ടി പ്രസിദ്ധീകരണങ്ങളോ അങ്ങനെ അവതരിപ്പിക്കുന്നില്ലെന്നാണ് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വെള്ളിയാഴ്ച കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയനെ സി.പി.എം. ഔദ്യോഗികമായി ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത് 2021 മാര്‍ച്ച് 11 മുതലാണ്. സി.പി.എം. മുഖപത്രത്തിന്റെ മുഖപ്രസംഗ പേജിലെ ലേഖനത്തിലൂടെ, ക്യാപ്റ്റന്‍ എന്ന തലകെട്ടില്‍. കേരളത്തിന്റെ ടീം ക്യാപ്റ്റനായി’എല്‍.ഡി.എഫിനെ നയിക്കാന്‍ ഒരിക്കല്‍ കൂടി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇറങ്ങുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്.
ക്യാപ്റ്റന്‍, ക്യാപ്റ്റന്റെ പടയോട്ടം, കടലിരമ്പങ്ങളില്‍ കപ്പിത്താന്‍ എന്നിങ്ങനെ ഔദ്യോഗിക മുഖപത്രം മുഖ്യമന്ത്രിയുടെ നായക വിശേഷണ പ്രചാരണം തുടരുകയാണ്. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദിയെ ‘ടീം ഇന്ത്യാ ക്യാപ്റ്റന്‍’ എന്ന് വിശേഷിപ്പിച്ച് പി.ആര്‍ പ്രചാരണത്തിന്റെ അതേ ശൈലിയില്‍.
കല്ലുകടിയായത് കേരളത്തില്‍ എല്‍.ഡി.എഫ്. പ്രചാരണത്തിനെത്തിയ പിബി അംഗം വൃന്ദ കാരാട്ട് പരസ്യമായി അത് തിരുത്താന്‍ ശ്രമിച്ചതാണ്. സി.പി.എമ്മില്‍ ക്യാപ്റ്റനില്ല, സഖാക്കളെ ഉള്ളൂ എന്ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സെക്രട്ടറി പി. കൃഷ്ണപിള്ളയെ സഖാവ് എന്ന പേരില്‍ മാത്രം ഓര്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് മുമ്പില്‍ അവര്‍ പാര്‍ട്ടിയെ തിരുത്തി. എന്നിട്ടും പ്രചാരണയോഗങ്ങളിലും പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലും ടീം ക്യാപ്റ്റന്‍ അപദാനം തുടരുന്നു.
സത്യം ഇതാണെന്നിരിക്കെ പിബി അംഗമായ കോടിയേരി ബാലകൃഷ്ണന്‍ ഇങ്ങനെ ഒരു കള്ളസത്യവാങ്മൂലം ക്യാപ്റ്റനുവേണ്ടി ജനങ്ങളുടെ കോടതിയില്‍ സമര്‍പ്പിച്ചത് പരിതാപകരമായി. താന്‍ മാറി നില്‍ക്കേണ്ടിവന്ന സെക്രട്ടറി പദവിയില്‍ മറ്റൊരാള്‍ ക്യാപ്റ്റനെ പ്രതിരോധിക്കാന്‍ വ്യാജസത്യവാങ്മൂലങ്ങളുമായി രംഗത്തുണ്ടായിരിക്കെ കോടിയേരിയുടെ പ്രകടനം ദയനീയമായി.
Post Your Comments