തിരുവനന്തപുരം: ‘ആക്‌ട് വിത്ത് ബഡ്’ സംവിധാനം മലയാള സിനിമയില്‍ പലകാലങ്ങളിലായി ഉണ്ടായിരുന്നെന്ന തുറന്നു പറച്ചിലുകള്‍ പലരും നടത്തിയിട്ടുണ്ട്. എന്നാല്‍, ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആര്‍ട്ടിസ്റ്റ് ഈ മേഖലയിലേക്ക് കടന്നുവരുമ്ബോള്‍ എന്തൊക്കെ വെല്ലുവിളി നേരിടേണ്ടി വരും. നിരവധി വെല്ലുവിളികള്‍ ഉണ്ടെന്ന് തുറന്നു പറഞ്ഞിരിക്കയാണ് ഒരു ട്രാന്‍സ്‌ജെന്റര്‍ ആക്‌ട്രസായ സുകന്യ കൃഷ്ണ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സുകന്യയുടെ തുറന്നു പറച്ചില്‍. ബാംഗളൂരില്‍ ഫ്രീലാന്‍സ് വെബ് ഡെവലപ്പര്‍ ആയി ജോലി ചെയ്യുന്ന സുകന്യ സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവമാണ് തുറന്നു പറഞ്ഞത്.
Also Read:ഇന്ധന വില സംബന്ധിച്ച് സൗദിയോട് നിലപാട് അറിയിച്ച് അമേരിക്ക
ട്രാന്‍സ്ജെന്ററുകള്‍ എന്നാല്‍ ലൈംഗിക തൊഴിലാളികള്‍ മാത്രമാണ് എന്ന് വിശ്വസിക്കുന്ന ഒരു പറ്റം ആളുകളുടെ ഇടയിലായിരുന്നു ഷൂട്ടിങ് നടന്നതെന്നാണ് അവര്‍ പറയുന്നത്. ഒരു വില്പനച്ചരക്ക് എന്ന നിലയിലായിരുന്നു അവരുടെ പെരുമാറ്റം. ഈ സിനിമയുമായി ബന്ധപ്പെട്ട പലരും അവരുടെ കിടപ്പറയിലേക്ക് വരെ ക്ഷണിക്കുകയുണ്ടായിെന്നും അവര്‍ തുറന്നു പറയുന്നു. പൊതിച്ചോര്‍ കൊണ്ടുവരും പോലെയായിരുന്നു അവിടെ കഞ്ചാവ് പൊതികള്‍ കൊണ്ടുവന്നിരുന്നത്. ഇത് നേരിട്ട് കണ്ടിട്ടുള്ള ഒരു വ്യക്തിയാണ് താനെന്നും അവര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. തൊഴിലിടത്തിലെപീഡനത്തെ കുറിച്ച് ഡബ്ല്യുസിസിയോട് തുറന്നു പറഞ്ഞിട്ടും കാര്യമായ നടപടിയൊന്നും ഉണ്ടായില്ലെന്നുമാണ് അവര്‍ വ്യക്തമാക്കിയത്.
സുകന്യയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നമസ്‌കാരം, എന്റെ പേര് സുകന്യ കൃഷ്ണ. ഞാന്‍ ഒരു ട്രാന്‍സ്ജെന്റര്‍ വ്യക്തിയാണ്. ബാംഗളൂരില്‍ ഫ്രീലാന്‍സ് വെബ് ഡെവലപ്പര്‍ ആയി ജോലി ചെയ്യുന്നു. 2019 നവംബറില്‍ മുതല്‍ ഒരു മലയാള സിനിമയില്‍ ഒരു പ്രധാന റോളില്‍ അഭിനയിച്ചിരുന്നു. തമിഴ് നാട്ടിലെ ഗൂഡല്ലൂരിലും കേരളത്തിലെ എടക്കരയിലും ഒക്കെയായിരുന്നു പ്രധാന ഷൂട്ടിങ് ലൊക്കേഷനുകള്‍. പതിനേഴ് ദിവസം കൊണ്ട് പൂര്‍ത്തിയാകും എന്ന് വാക്കാല്‍ ഒരു ഉറപ്പും നല്‍കിയിരുന്നു. പക്ഷേ, സിനിമ ഷെഡ്യൂളുകളായി നീണ്ടു. ഏകദേശം ഒരു വര്‍ഷത്തോളം സമയം എടുത്ത് കഴിഞ്ഞ വര്‍ഷം (2020) നവംബറിലാണ് ആ സിനിമ പൂര്‍ത്തിയായത്.
ഈ കാലഘട്ടം അത്രയും ധാരാളം തിക്താനുഭവങ്ങള്‍ ഒരു ട്രാന്‍സ്ജെന്റര്‍ എന്ന നിലയില്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രധാനമായും, ട്രാന്‍സ്ജെന്ററുകള്‍ എന്നാല്‍ ലൈംഗിക തൊഴിലാളികള്‍ മാത്രമാണ് എന്ന് വിശ്വസിക്കുന്ന ഒരു പറ്റം ആളുകളുടെ ഇടയിലായിരുന്നു ഞാന്‍. അവരുടെ അത്തരമൊരു ചിന്താഗതി കൊണ്ടുതന്നെ, ഈ സിനിമയിലെ പെര്‍വര്‍ട്ടുകള്‍ക്കായി എത്തിക്കപ്പെട്ട ഒരു വില്പനച്ചരക്ക് എന്ന നിലയിലായിരുന്നു അവരുടെ പെരുമാറ്റം. ഈ സിനിമയുമായി ബന്ധപ്പെട്ട പലരും അവരുടെ കിടപ്പറയിലേക്ക് വരെ എന്നെ ക്ഷണിക്കുകയുണ്ടായി.
ഈ വിഷയവുമായി ബന്ധപ്പെട്ട് 2020 ജനുവരി ഒമ്ബതിന്, WCC ക്ക് ഒരു ഇമെയിലും അയച്ചിരുന്നു. തൊഴിലിടങ്ങളിലെ ചൂഷണങ്ങളെ കുറിച്ചുള്ള ധാരാളം വാര്‍ത്തകള്‍ നാം സ്ഥിരം കേള്‍ക്കാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കണം ആരോട് പരാതിപ്പെടണം എന്ന വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇരയ്ക്ക് നല്‍കാന്‍ സംവിധാനങ്ങളുമുണ്ട്. എന്നാല്‍ സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ ഈ ചൂഷണങ്ങള്‍ എല്ലാം സഹിച്ചേ മതിയാകൂ, എന്ന നിലയില്‍ ഒരു അലിഖിത നിയമം തന്നെ ഇന്ന് നിലവിലുണ്ട്. അതിന് അവര്‍ക്കൊരു ടാഗ്ലൈന്‍ തന്നെയുണ്ട്… ‘സിനിമ ഇങ്ങനെയാണ്, സിനിമയില്‍ ഇങ്ങനെയാണ്…’ എല്ലാ കൊള്ളരുതായ്മകളും മൂടി വെയ്ക്കാനുള്ള ലൈസന്‍സ് ആയി തന്നെ, ഈ രണ്ടു വാചകങ്ങളെ അവര്‍ മാറ്റിയെടുത്തിരിക്കുന്നു.
ഈ അവസ്ഥ മാറണം, ധാരാളം സ്വപ്നങ്ങളുമായി സിനിമയിലേക്ക് എത്തുന്ന ഒരു വ്യക്തിയും ചൂഷണം ചെയ്യപ്പെടരുത്. ആ ഉദ്ദേശത്തോടെയാണ്, മലയാള സിനിമയിലെ എന്റെ കരിയര്‍ തന്നെ എന്നെന്നേക്കുമായി അവസാനിപ്പിച്ചേക്കാവുന്ന ഒരു തുറന്ന് പറച്ചിലിന് ഞാന്‍ മുതിരുന്നത്. എല്ലാ പുതുമുഖങ്ങളെയും ഭാവിയില്‍ ലഭിച്ചേക്കാവുന്ന അവസരങ്ങള്‍ കാട്ടിയാണ് കൊതിപ്പിക്കുന്നതും, അതെ വാക്കുകള്‍ തന്നെ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തുന്നതും.
കിടപ്പറയില്‍ ഇല്ലാത്ത അയിത്തം മറ്റെല്ലാ മേഖലകളിലും ഇവര്‍ ഒരു ട്രാന്‌സ്‌ജെന്ററിന് കല്പിക്കുന്നുണ്ട് എന്നതാണ് ഒരു വിരോധാഭാസം. എന്റെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം… ഈ മുകളില്‍ പറഞ്ഞ സിനിമയ്ക്കായി ഏറ്റവും അധികം വിട്ടുവീഴ്ചകള്‍ ചെയ്ത ഒരു വ്യക്തിയാണ് ഞാന്‍. ഒരുപാട് കഷ്ടപ്പെട്ടിട്ടായാണ് പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന എന്റെ പഠനം ഞാന്‍ പുനഃരാരംഭിച്ചത്. ഈ സിനിമയ്ക്ക് വേണ്ടി അതിന്റെ പരീക്ഷ പോലും എഴുതാതെ കൂടെ നിന്നു.
നിരന്തരം കിടപ്പറകളിലേക്കുള്ള ക്ഷണങ്ങള്‍ നല്‍കുന്ന മാനസിക സമ്മര്‍ദ്ദം ചെറുതൊന്നുമല്ല. (പ്രത്യേകിച്ചും…, നമ്മള്‍ വഴങ്ങില്ല എന്ന് മനസ്സിലാക്കുമ്ബോള്‍, ക്രീയേറ്റീവ് ജീനിയസുകളായ ഇവറ്റകള്‍ പടച്ചു വിടുന്ന കേട്ടാല്‍ ആരും വിശ്വസിച്ചു പോകുന്ന കെട്ടുകഥകളുടെ ഇടയില്‍ അത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വരുമ്ബോള്‍.) ഇങ്ങനെയൊക്കെ, ഇത്രയൊക്കെ എല്ലാം സഹിച്ച് ആ സിനിമയോടൊപ്പം നിന്ന എന്റെ പേര്, കാസ്റ്റ് ലിസ്റ്റില്‍ പോലും ഇവര്‍ ഉള്‍പ്പെടുത്തിയില്ല. ഒരു ട്രാന്‍സ്ജെന്റര്‍ ഈ സിനിമയുടെ ഭാഗം ആണെന്നത് അവര്‍ക്ക് ഒരു കുറച്ചില്‍ ആയാണ് ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കാണുന്നത്.
ഈ സിനിമയുടെ ട്രെയ്ലര്‍ റിലീസ് ആയ വിവരം, ഒരു സുഹൃത്ത് വഴിയാണ് ഞാന്‍ അരിഞ്ഞത് പോലും. ആ ട്രെയിലറിന്റെ ഡിസ്‌ക്രിപ്ഷനില്‍ നിന്നാണ് ഈ സിനിമ അടുത്തയാഴ്ച റിലീസ് ആകുന്നു എന്നും ഞാന്‍ മനസ്സിലാക്കിയത്. അതായാത് ഒരു ട്രാന്‍സ്ജെന്റര്‍ വ്യക്തി ആയതിന്റെ പേരില്‍, ഈ സിനിമയുടെ റിലീസ് ഡേറ്റ് പോലും എന്നെ അറിയിക്കാനുള്ള മര്യാദ കാണിക്കേണ്ടതില്ല എന്ന് അവര്‍ തീരുമാനിച്ചിരിക്കുന്നു.
ഈ സിനിമയുടെ സെറ്റില്‍ കഞ്ചാവിന്റെ ഉപയോഗവും വളരെ സാധാരണമായിരുന്നു. ആ സമയത്ത് ഒരു പ്രമുഖ നടന്റെ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മലയാള സിനിമാ ഷൂട്ടിങ് നടക്കുന്ന ഇടങ്ങളിലൊക്കെ അന്വേഷണം ശക്തമായിരുന്നപ്പോള്‍ പോലും കഞ്ചാവിന്റെ ഉപയോഗം വളരെ ശക്തമായി തന്നെ അവിടെ തുടര്‍ന്നിരുന്നു. എടക്കര എന്ന സ്ഥലത്ത് ഷൂട്ടിങ് നടക്കുമ്ബോള്‍, പൊതിച്ചോര്‍ കൊണ്ടുവരും പോലെയായിരുന്നു അവിടെ കഞ്ചാവ് പൊതികള്‍ കൊണ്ടുവന്നിരുന്നത്. ഇത് നേരിട്ട് കണ്ടിട്ടുള്ള ഒരു വ്യക്തിയാണ് ഞാന്‍.
ഈ വിഷയത്തില്‍ അന്വേഷണത്തിന് ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ മുതിര്‍ന്നാല്‍, എന്നാല്‍ കഴിയുന്ന എല്ലാ സഹകരണവും ഉണ്ടാകും. അത്തരം, ഒരു അന്വേഷണം ഉണ്ടായാല്‍… എനിക്ക് അറിയുന്ന എല്ലാ വിവരങ്ങളും പങ്കുവെയ്ക്കാനും ഞാന്‍ തയാറാണ്. കിടപ്പറ പങ്കിടാതെയും അവഹേളനങ്ങള്‍ നേരിടാതെയും പുതുമുഖം എന്ന ചൂഷണം നേരിടാതെയും ഒരു അഭിനേതാവിന് സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുന്ന ഒരു നാളെ ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിച്ച് നിര്‍ത്തുന്നു.
നന്ദി.
സുകന്യ കൃഷ്ണ.
Post Your Comments