മലയാളികൾ എക്കാലത്തും നെഞ്ചോട് ചേർത്തു നിർത്തുന്ന സിനിമകളിലൊന്നാണ് ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം. സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികത്തിൻ്റെ 4കെ പതിപ്പ് വീണ്ടും തീയറ്ററുകളിലേക്ക് എത്തുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ നിറഞ്ഞു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സ്ഫടികത്തിൻ്റെ 4കെ പതിപ്പിൻ്റെ ടീസർ തെരഞ്ഞെടുപ്പിനു ശേഷം പുറത്തുവിടുമെന്ന് ചിത്രത്തിൻ്റെ സംവിധായകൻ ഭദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ്.
രണ്ട് കോടിയിലേറെ രൂപ മുടക്കിയാണ് സ്ഫടികം 4കെ രൂപത്തിലാക്കി തീയറ്ററിൽ എത്തിക്കുന്നത്. 26 വർഷം മുമ്പ് 1995ലാണ് സ്ഫടികം റിലീസായത്. ജിയോമാട്രിക്സ് ഫിലിംസ് ഹൗസ് ആണ് ചിത്രം 4കെ ഡിജിറ്റൽ രൂപത്തിൽ തീയറ്ററിലെത്തിക്കാനൊരുങ്ങുന്നതെന്ന് ഭദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മോഹൻലാലുമായുള്ള വാട്സപ്പ് ചാറ്റിൻ്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് ഭദ്രൻ്റെ പോസ്റ്റ്.
സംവിധായകൻ ഭദ്രൻറെ ഫേസ്ബുക്ക് പോസ്റ്റ്:
ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്സ് എന്ന് എന്നെ ഓർമപ്പെടുത്തിയപ്പോൾ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി. കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങൾ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ്സ്‌ക്രീനിലേക്ക് എത്തിക്കാൻ ഒരുക്കി കൊണ്ടിരിക്കുകയാണ് Geometrics Film House. പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന Digital 4k Teaser തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാൻ എത്തുന്നതായിരിക്കും. ഈ വർഷം തന്നെ ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്ന് ഭദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിച്ചിരിക്കുകയാണ്. മിനി സ്ക്രീനിൽ മാത്രം കണ്ട സ്ഫടികം ബിഗ് സ്ക്രീനിൽ കാണാൻ കഴിയുമെന്ന ആവേശത്തിലാണ് മോഹൻലാൽ ആരാധകർ. കാത്തിരിക്കാം.
Post Your Comments