തിരുവനന്തപുരം: വ്യാജരെ കുടുക്കാനൊരുങ്ങി യുഡിഎഫ്. ഹൈക്കോടതിയിൽനിന്നു പ്രതീക്ഷിച്ച ഇടപെടൽ ഉണ്ടാകാതിരുന്നതോടെ 140 മണ്ഡലങ്ങളിലും പ്രവർത്തകരെ അണിനിരത്തി വ്യാജവോട്ടിനു തടയിടാനാണ് യുഡിഎഫിന്റെ പദ്ധതി. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ തെളിവു സഹിതം പുറത്തെത്തിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണു ദൗത്യം. ക്രമക്കേടുണ്ടെന്നു സംശയിക്കുന്ന 25 ലക്ഷത്തോളം പേരുടെ പട്ടിക 25,000 ബൂത്തുകളിലെത്തിക്കാൻ നടപടി തുടങ്ങി.
എന്നാൽ ആദ്യഘട്ടമായി പരിശോധനയിൽ തെളിഞ്ഞ 4.34 ലക്ഷം വ്യാജവോട്ടുകളുടെ പട്ടിക ഓപ്പറേഷൻ ട്വിൻസ് എന്ന വെബ്സൈറ്റിൽ (http://www.operationtwins.com) പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ പരാതിക്കൊപ്പം സമർപ്പിച്ച മണ്ഡലാടിസ്ഥാനത്തിലുള്ള പട്ടികയാണു പ്രസിദ്ധീകരിച്ചത്. മണ്ഡലത്തിനുള്ളിലെ ഇരട്ടവോട്ടുകളും പല മണ്ഡലങ്ങളിലായി ചേർത്ത വ്യാജവോട്ടുകളും വെബ്സൈറ്റിലുണ്ട്. ഫോട്ടോ സഹിതമുള്ള തെളിവുകൾ വെബ്സൈറ്റിലൂടെ ഉടൻ പുറത്തുവിടും. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ സത്യമെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യം.
വ്യാജവോട്ടുകൾ തടയാൻ നേരിട്ടിറങ്ങാതെ മറ്റു മാർഗമില്ലെന്നാണു പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. ഓരോ മണ്ഡലത്തിലും ശരാശരി 20,000 വോട്ടർമാരുടെ കാര്യത്തിൽ ക്രമക്കേടു നടന്നുവെന്നാണു സംശയിക്കുന്നത്. വ്യാജവോട്ടർമാരുടെ പട്ടിക ബൂത്തുതലത്തിൽ പരിശോധിച്ച് നടപടികളെടുക്കാനാണു നിർദേശം. വ്യാജവോട്ട് പ്രതിരോധദൗത്യത്തിനു നേതൃത്വം നൽകാൻ എല്ലാ മണ്ഡലങ്ങളിലും വിദഗ്ധരെ നിയോഗിക്കും. കള്ളവോട്ടു തടയേണ്ട രീതിയെക്കുറിച്ച് ബൂത്ത് ഏജന്റുമാർക്കു പരിശീലനം നൽകും. നിയമനടപടികളുൾപ്പെടെ സ്വീകരിക്കാനും തയാറെടുക്കുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലും വ്യാജവോട്ടുകൾ സംശയിക്കുന്നതിനാൽ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തണമെന്നു തിരഞ്ഞെടുപ്പു കമ്മിഷനോട് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ചു ജില്ലാതലത്തിലും നിവേദനം നൽകും.
Post Your Comments