തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാർട്ടികൾ പരസ്യത്തിനും പ്രചാരണത്തിനായി മുടക്കുന്നത് കോടികളാണ്. ഇതിൽ സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളെയും വിലകുറച്ചു കാണാനാവില്ല. ഫേസ്‌ബുക്കിലെ പരസ്യത്തിനായി മാത്രം ലക്ഷങ്ങളാണ് ഒരു മാസത്തിൽ ചിലവാക്കുന്നത്. കഴിഞ്ഞ ഒരു മാസക്കാലയളവില്‍ കൂടുതല്‍ പരസ്യം നല്‍കിയ സംസ്ഥാനങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് കേരളം.
ബംഗാള്‍, തമിഴ്‌നാട്, അസം, മഹാരാഷ്ട്ര എന്നിവയാണ് ആദ്യ നാലെണ്ണം.ഒരു മാസത്തിനിടെ ബംഗാള്‍ പാര്‍ട്ടികള്‍ ചെലവഴിച്ചത് 2.2 കോടി രൂപയാണ്; തമിഴ്‌നാട്ടിലേത് 1.8 കോടി; അസമിലേത് 61 ലക്ഷം. അതേസമയം കേരളത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഫേസ്‌ബുക്കില്‍ മാത്രം പരസ്യത്തിനു മുടക്കിയത് 18 ലക്ഷത്തില്‍ അധികം രൂപ. ഇതില്‍ 6.7 ലക്ഷവും ചെലവായത് എല്‍ഡിഎഫിന്റെ ഔദ്യോഗിക പേജായ ‘എല്‍ഡിഎഫ് കേരള’യ്ക്കായാണ്.
ഒരു മാസത്തിനിടെ തിരഞ്ഞെടുപ്പും മറ്റു സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്നു ഫേസ്‌ബുക്കിനു ലഭിച്ചത് 30 ലക്ഷത്തോളം രൂപയാണ്. ഫേസ്‌ബുക് ആഡ് ലൈബ്രറിയിലാണ് ഈ കണക്കുള്ളത്. കഴിഞ്ഞ 30 ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ നല്‍കിയതും ‘എല്‍ഡിഎഫ് കേരള’ പേജിനു തന്നെ 9.34 ലക്ഷം രൂപ.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജായ ‘ഐഎന്‍സി കേരള’യ്ക്കു നല്‍കിയ പരസ്യം 61,223 രൂപയുടേതാണ്. പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥികളുടെയും ഔദ്യോഗിക പേജുകള്‍ക്കു പുറമേ ട്രോള്‍ ഗ്രൂപ്പുകളില്‍ വരെ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നുണ്ടെന്നും കണക്കു വ്യക്തമാക്കുന്നു.
Post Your Comments