KeralaLatest NewsNews

30 വര്‍ഷം പെറ്റമ്മയെ പോലെ കൊണ്ടുനടന്ന ഒരു പ്രസ്ഥാനമാണ് ഒരു സുപ്രഭാതത്തില്‍ എന്നെ പുറത്താക്കിയത്

ലതിക സുഭാഷിന്റെ കുറിപ്പ് വൈറല്‍

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ ലതികാ സുഭാഷിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് അറിയിച്ചിരുന്നു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവന് മുന്നില്‍ മാദ്ധ്യമങ്ങളെയും ജനങ്ങളെയും സാക്ഷിയാക്കിയായിരുന്നു ലതികയുടെ തലമുണ്ഡനം ചെയ്യല്‍. ഇതിനെതിരെയാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും ലതികയ്ക്ക് എതിരെ നടപടി ഉണ്ടായിരിക്കുന്നത്.

Read Also : പോസ്റ്റല്‍ വോട്ടില്‍ തിരിമറി നടക്കാന്‍ സാധ്യത; പരാതിയുമായി കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

മുപ്പത് വര്‍ഷം തന്റെ ചോരയും നീരും കൊടുത്ത് കുടുബം പോലും ഉപേക്ഷിച്ച് ജീവനു തുല്യം സ്നേഹിച്ച പ്രസ്ഥാനം ഒരു പത്രപ്രസ്താവന കൊണ്ട് ഇന്ന് പുറത്താക്കിയിരിക്കുന്നു എന്നാണ് ലതിക സുഭാഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

ലതികയുടെ കുറിപ്പ്:

മുപ്പത് വര്‍ഷം എന്റെ ചോരയും നീരും കൊടുത്ത് കുടുബം പോലും ഉപേക്ഷിച്ച് ജീവനു തുല്യം സ്നേഹിച്ച പ്രസ്ഥാനം. ഒരു പത്രപ്രസ്താവന കൊണ്ട് ഇന്ന് എന്നെ പുറത്താക്കിയിരിക്കുന്നു. കാലത്തിന്റെ ശരിക്ക് ഒപ്പം നിന്നതിന്, ലക്ഷക്കണക്കിന് സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്താന്‍ വേണ്ടി നിലപാട് സ്വീകരിച്ച് പ്രതിഷേധിച്ചതിനാണ് എന്നെ പുറത്താക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ അദ്ധ്യായം ഇവിടെ കൊണ്ട് അവസാനിക്കുന്നില്ല.

വനിതകള്‍ മുഖ്യമന്ത്രിമാരായി വരണമെന്നുള്ള ശ്രീ.രാഹുല്‍ ഗാന്ധിയുടെ ആഹ്വാനമോ, ഇത്തവണ സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കണമെന്നുള്ള ശ്രീമതി. സോണിയ ഗാന്ധിയുടെ ആവശ്യമോ അംഗീകരിക്കാതെ, അതിന് പുല്ലവില കല്‍പ്പിച്ചാണ് കെ.പി.സി.സി നേതൃത്വം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത്.

സീറ്റ് വിഭജന കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് , കെ.എസ്.യു മുതലായ പോഷക സംഘടനകള്‍ക്ക് നല്‍കുന്ന തുല്യമായ പ്രാതിനിധ്യമാണ് കാലാ കാലങ്ങളായി കോണ്‍ഗ്രസ് നേതൃത്തോട് മഹിളാ കോണ്‍ഗ്രസ് ആവശ്യപെട്ട് കൊണ്ടിരുന്നത്. 20 % സീറ്റ് എന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആവശ്യത്തെ പൂര്‍ണ്ണമായും തള്ളി വനിതകള്‍ക്ക് നാമമാത്രമായ സീറ്റ് നല്‍കിയ കെ.പി.സി.സി നേതൃത്വത്തിനെതിരെ ആയിരുന്നു എന്റെ പ്രതിഷേധം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശത്തെ പോലും പാടെ അവഗണിച്ചു കൊണ്ടുള്ള സ്ത്രീവിരുദ്ധ നിലപാട് തുടര്‍ച്ചയായി സ്വീകരിച്ചു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വനിരയെ മുന്‍കൂട്ടി അറിയിച്ചതിന് ശേഷം തന്നെയായിരുന്നു എന്റെ പ്രതിഷേധം.

എന്റെ സമരവും, പ്രതിഷേധവും കേവലം ലതികാ സുഭാഷ് എന്ന സ്ത്രീയുടെ സ്ഥാന ലഭ്യതയ്ക്കോ, സീറ്റിന് വേണ്ടിയുള്ളതോ അല്ല. കാലങ്ങളായി സ്ത്രീകള്‍ക്ക് നാമമാത്രവും, തീരെ ജയ സാദ്ധ്യത ഇല്ലാത്തതുമായ സീറ്റുകള്‍ നല്‍കി വഞ്ചിക്കുന്ന സ്ത്രീ വിരുദ്ധ നയമുള്ള കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയാണ് , അതല്ലാതെ പാര്‍ട്ടിക്കെതിരെ ആയിരുന്നില്ല. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് സ്ത്രീ പ്രവര്‍ത്തകര്‍ക്കും, അതിനുമപ്പുറം മുഴുവന്‍ സ്ത്രീ സമൂഹത്തിനും വേണ്ടിയാണ് ഈ സമരം.

കേരളത്തിലെ സ്ത്രീ സമൂഹത്തിനെതിരെയുള്ള നിലപാടിനെതിരെ പ്രതിഷേധിച്ച എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സ്ത്രീവിരുദ്ധ നയത്തിനെതിരെയുള്ള കേരള സമൂഹത്തിന്റെ പ്രതിഷേധം, ഞാന്‍ സ്വതന്ത്രയായി മത്സരിക്കുന്ന ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളില്‍ ജനം രേഖപ്പെടുത്തി എന്നെ വിജയിപ്പിക്കുമെന്ന് നൂറ് ശതമാനം എനിക്ക് ഉറപ്പുണ്ട്. കേരളീയ സ്ത്രീ സമൂഹവും ജനങ്ങളും നല്‍കുന്ന പിന്തുണയിലും, സ്നേഹത്തിലും അടിയുറച്ച് വിശ്വസിച്ച് മൂന്ന് പതിറ്റാണ്ടായി ഞാന്‍ നടത്തുന്ന പൊതുപ്രവര്‍ത്തനം പൂര്‍വ്വാധികം ശക്തിയോടെ ചെയ്ത് ജനങ്ങള്‍ക്കിടയില്‍ തന്നെ കാണും.

കാലം തെളിയിക്കട്ടെ ആരാണ് ശരി എന്നത്.
ജയ് ഹിന്ദ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button