ഖോഭാങ്: അസമിലെ ചായപ്പൊടിയുടെ മഹത്ത്വം പാടിപ്പുകഴ്ത്തുമെങ്കിലും അത് ഉല്പാദിപ്പിക്കാന് സംസ്ഥാനത്തെ 803 തേയിലേത്താട്ടങ്ങളിലായി തൊഴിലെടുക്കുന്ന എട്ടുലക്ഷം മനുഷ്യര്‍ എങ്ങനെ ജീവിക്കുന്നു എന്ന് ചിന്തിക്കാറേയില്ല ഇവിടത്തെ പാര്‍ട്ടികള്‍. എന്നാല്‍, ഇക്കുറി ബി.ജെ.പിയും കോണ്‍ഗ്രസ്-എ.യു.ഡി.എഫ് സഖ്യവും തമ്മില്‍ ബലാബലം പോരാട്ടമായതോടെ തൊഴിലാളി ലയങ്ങള്‍ക്ക് മുന്നില്‍ കാത്തുകെട്ടിക്കിടന്ന് വോട്ടു ചോദിക്കുന്നുണ്ട് സ്ഥാനാര്‍ഥികളും നേതാക്കളും. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തൊഴിലാളി സ്ത്രീകള്‍ക്കൊപ്പം കൊളുന്ത് നുള്ളുന്ന ഫോട്ടോ ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു.അസം തേയിലയുടെ പെരുമ ഇടിക്കാന്‍ ഗൂഢാലോചന നടത്തിയവര്‍ക്ക് തൊഴിലാളികള്‍ തക്കതായ മറുപടി നല്‍കുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസംഗവും വലിയ വാര്‍ത്തയായി.
‘കൂലി കൂട്ടിക്കിട്ടുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി, പക്ഷേ, അതു യാഥാര്‍ഥ്യമാകുന്നില്ലെന്ന് മാത്രം. ഇപ്പോള്‍ കിട്ടുന്ന 167 രൂപ ദിവസക്കൂലികൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോവല് ഒട്ടും എളുപ്പമല്ല’. തലസ്ഥാനമായ ഗുവാഹതിയില്‍നിന്ന് 530 കിലോമീറ്റര്‍ അകലെ ഡീമൂലി തേയിലത്തോട്ടത്തിലെ ജോലിക്കാരനായ ആനന്ദ കോണ്ടോ പറയുന്നു.
കൂലി 315 രൂപയാക്കുമെന്നാണ് 2016 ലെ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നത്. അഞ്ചു വര്‍ഷമായിട്ടും അതു നടന്നില്ല. അധികാരം കിട്ടിയാല്‍ ആറു മണിക്കൂറിനുള്ളില്‍ കൂലി 365 രൂപയാക്കി ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫെബ്രുവരി 14ന് ഒരു റാലിയില്‍ പ്രഖ്യാപിച്ചതോടെ 50 രൂപ വര്‍ധിപ്പിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍, തോട്ടമുടമകള്‍ എതിര്‍പ്പുമായി ഹൈകോടതിയിലെത്തിയതോടെ വര്‍ധന 26 രൂപയിലൊതുങ്ങി.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 350 രൂപയും ഭക്ഷണവും ദിവസക്കൂലിയായി കിട്ടുന്ന അവസ്ഥയില്‍ 365 എന്ന തുകയും അപര്യാപ്തമാണെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. 126 ല്‍ 42 മണ്ഡലങ്ങളിലെ നിര്ണായകഘടകമായതിനാലാണ് തേയിലത്തൊഴിലാളികളുടെയും ആദിവാസി സമൂഹത്തിന്റെയും പിന്നാലെ കൂടാന്‍ പാര്‍ട്ടികളെ പ്രേരിപ്പിക്കുന്നത്. ആറിന് മൂന്നാം ഘട്ട വോട്ടെടുപ്പ് കഴിയുന്നതോടെ ചായച്ചണ്ടിയുടെ അവസ്ഥയാവും തങ്ങള്‍ക്കെന്നും തൊഴിലാളികള്‍ ആശങ്കപ്പെടുന്നു.
Post Your Comments