ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്ന് ചൈനയിലേയ്ക്ക് ടണ്‍കണക്കിന് മുടി കടത്തുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തെളിവുകള്‍ പുറത്തുവിട്ടു. രേഖകളില്ലാതെ 120 ചാക്കുകളിലാക്കി കടത്തിയ തലമുടി അസം റൈഫിള്‍സിലെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നും മ്യാന്‍മറിലേക്കെത്തിച്ച് അവിടെ നിന്നും തായ്ലന്റ് വഴി ചൈനയിലേക്ക് കടത്തുവാനുദ്ദേശിച്ച് എത്തിച്ച മുടിയാണ് പിടിച്ചെടുത്തത്. ചാക്കിലുണ്ടായിരുന്ന തലമുടി ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ നിന്നുള്ളതാണെന്ന് വാര്‍ത്ത ഏജന്‍സിയോട് സുരക്ഷ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്ന് ഇത്തരത്തില്‍ നേര്‍ച്ചയായി കിട്ടുന്ന മുടി അനധികൃതമായി കടത്തിക്കൊണ്ടു വരുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Read Also : കെ.സുധാകരന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞിട്ടുണ്ടോ? എന്നാല്‍ സി.പി.എം അങ്ങനെയല്ല
മ്യാന്‍മര്‍ അതിര്‍ത്തിക്ക് ഇപ്പുറം ഏഴു കിലോമീറ്ററിനകത്തുള്ള ചെക്പോസ്റ്റിലാണ് മുടിക്കടത്ത് കണ്ടെത്തിയത്. രണ്ട് ട്രക്കുകളില്‍ കൊണ്ടു വന്ന മുടിക്ക് 1.8 കോടി വില വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും തായ്‌ലന്റില്‍ എത്തിക്കുന്ന മുടി സംസ്‌കരിച്ച ശേഷമാണ് ചൈനയിലേക്ക് എത്തിക്കുന്നത്. വിഗ് നിര്‍മ്മാണത്തിനായിട്ടാണ് ഇവ ഉപയോഗിക്കുന്നത്.
അടുത്തിടെയാണ് ചൈനയിലേക്ക് ഇന്ത്യയില്‍ നിന്നും മുടി കടത്തുന്നതായി കസ്റ്റംസ് മനസിലാക്കിയത്. കയറ്റുമതി ചെയ്യുന്ന തലമുടിക്ക് അസാധാരണമായ രീതിയില്‍ വില ഇടിയുന്നത് ശ്രദ്ധയില്‍ പെട്ട കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. ജിഎസ്ടി, കസ്റ്റംസ്, ഡിആര്‍ഐ, എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് പശ്ചിമ ബംഗാളിലെ കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം ഈ കളളക്കടത്തിനെ കുറിച്ച് വിവരം നല്‍കിയിട്ടുണ്ട്. കയറ്റുമതി ചെയ്യുന്ന മുടിയുടെ ഭാരം കൃത്രിമമായി കുറച്ചുകാണിക്കുകയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
തലമുടി കയറ്റുമതി ഇന്ത്യക്ക് വലിയ തോതില്‍ വിദേശനാണ്യം നേടിത്തരുന്നതാണ്. 6000 മുതല്‍ 8000 കോടി വരെയാണ് ഇതിലൂടെ ലഭിക്കുന്നത്. കയറ്റുമതി ചെയ്യാനുളള മുടിയില്‍ 5 ശതമാനം ലഭിക്കുന്നത് രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിലെ വഴിപാടായി ലഭിക്കുന്നവയില്‍ നിന്നാണ്. ബാക്കി സാധാരണ വെട്ടുന്നവയും മരണ ശേഷം നീക്കം ചെയ്യുന്നതുമാണ്. ഇവ ഉപയോഗിച്ച് വിഗ്ഗുകള്‍, കൃത്രിമ കണ്‍പുരികങ്ങള്‍ എന്നിവയും ആഹാര നിര്‍മ്മാണ സംരംഭങ്ങള്‍ക്ക് പ്രോട്ടീനും നിര്‍മ്മിക്കുന്നു. രാജ്യത്തെ ഗ്രാമങ്ങളില്‍ വലിയ വരുമാന മാര്‍ഗം തന്നെയാണ് തലമുടി കയറ്റുമതി.
Post Your Comments