മലപ്പുറം: ഗുജറാത്തിലേയും , റോഹിങ്ക്യന്‍ മുസ്ലിങ്ങളും കൊല്ലപ്പെട്ടത് നമസ്കരിക്കാത്തതിനുള്ള ശിക്ഷയെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (എ.പി വിഭാഗം) നേതാവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ മകനും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.പി. അബ്ദുല്‍ ഹകീം അസ്ഹരി. മലപ്പുറം ജില്ലയിലെ പെരുവള്ളൂരില്‍ നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മിഷന്‍ 21 പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി വിദ്യാര്‍ഥികളോട് സംവദിക്കവെയാണ് അബ്ദുല്‍ ഹക്കീം അസ്ഹരി ഇങ്ങനെ പറഞ്ഞത്.
അദ്ദേഹം പറഞ്ഞത് ഇങ്ങനെ,
”ഫോട്ടോയില്‍ കാണുന്നതെല്ലാം ശരിയല്ല. ഫോട്ടോയും വിഡിയോവും ആര്‍ക്കും എങ്ങനെയും ഉണ്ടാക്കാം. അതുകൊണ്ട് കാണുന്നതൊന്നും ശരിയാണെന്ന് നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല. രണ്ടാമത്തേത്, അങ്ങനെ അടി കിട്ടുകയും തൊഴി കിട്ടുകയും വീട് കത്തിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ആ നാട്ടിലെ മുസ്ലിങ്ങള്‍ നമസ്കരിക്കുന്നവരായിരിക്കില്ല. പ്രവാചകന്‍ റസൂലുല്ലാഹി ഒരിക്കല്‍ പറഞ്ഞു: ഞാന്‍ വേറെ ആരെയെങ്കിലും നമസ്കരിക്കാന്‍ ഏല്‍പിച്ചിട്ട് ഇതിലെയൊക്കെ ചുറ്റിനടന്ന് നമസ്കരിക്കാന്‍ വരാത്തവരുടെ വീടൊക്കെ ചെന്നു കരിച്ചാലോ എന്ന് ആലോചിച്ചു എന്ന്.”
“നമസ്കരിക്കാതിരിക്കുന്നത് അത്രയും വലിയ കുറ്റമാണ്.പക്ഷേ, നമുക്ക് ഇവിടെ ഒരു രാജ്യത്ത് സ്വതന്ത്രമായി അത്തരം കാര്യങ്ങള്‍ നടപ്പാക്കാന്‍ പാടില്ല. ഭരണാധികാരികളാണ് അത് നടപ്പിലാക്കേണ്ടത്. അപ്പോള്‍ ഗുജറാത്തിലെ ജനങ്ങള്‍ നമസ്കരിച്ചിട്ടില്ലെങ്കില്‍ അവരുെട വീട് ചുടണം, അവരെ കൊല്ലണം. അത് ആരാ ചെയ്യേണ്ടത്? അതിന് പറ്റിയ ആളുകളെ അല്ലാഹു അവിടെ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും നിയമിക്കും.വിശ്വാസവും ആരാധനയും ഇല്ലാത്തതിന്‍റെ കാരണം കൊണ്ടാണ് ഇത്തരം വിഷയങ്ങള്‍ സംഭവിക്കുന്നത്. അതിനുള്ള ഒരു സമിതിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സമസ്ത നമസ്കാരം പഠിപ്പിക്കുന്നുണ്ട്, വഅള് നടത്തുന്നുണ്ട്, പരിപാടികള്‍ നടത്തുന്നുണ്ട്. അങ്ങനെ എല്ലാ നാട്ടിലും അങ്ങനെയുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്”-അബ്ദുല്‍ ഹകീം അസ്ഹരി മറുപടിയില്‍ പറയുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് വെള്ളിയാഴ്ച നടത്തിയ പരാമര്‍ശം അടങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നിരുത്തരവാദപരമായ പ്രസ്താവനക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സൈബറിടത്തില്‍ ഉയരുന്നത്.
‘റോഹിങ്ക്യന്‍ മുസ്ലിംകളെയും ഫലസ്തീന് മുസ്ലിംകളെയും അതിക്രൂരമായി അടിച്ചമര്‍ത്തുകയും വധിക്കുകയും രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ നമ്മള്‍ കാണുന്നു. ഇതിന് പിന്നില്‍ അവിടത്തെ ഭരണകൂടങ്ങളാണ്. അവരുടെ ഈ ചെയ്തികള്‍ക്കെതിരെ ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാരും മുസ്ലിം രാജ്യങ്ങളും എന്തുകൊണ്ട് ഒരു സമിതി ഉണ്ടാക്കി പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരുന്നില്ല’ എന്ന ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിനാണ് അബ്ദുല്‍ ഹകീം അസ്ഹരി ഗുജറാത്ത് മുസ്ലിംകളുടെ കാര്യം കൂടി ചേര്‍ത്ത് മറുപടി നല്‍കിയത്.
Post Your Comments