ന്യൂഡൽഹി: ഗോധ്രയിൽ 20 വർഷം മുൻപ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 59 ഹിന്ദു തീർത്ഥാടകർ ജീവനോടെ എരിക്കപ്പെട്ട കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഗോധ്ര സിഗ്നൽ ഫാലിയ സ്വദേശി റഫീഖ് ഭാടുകിനെയാണ് പ്രത്യേക കോടതി ശിക്ഷിച്ചത്. കേസിൽ ശിക്ഷിക്കപ്പെടുന്ന 35- മത്തെ പ്രതിയാണ് ഇയാൾ. ഒളിവിലായിരുന്ന റഫീഖിനെ 2021 ലാണ് അറസ്റ്റ് ചെയ്തത്. 31 പ്രതികൾക്ക് 2011 ലാണ് ശിക്ഷ വിധിച്ചത്.
സബർമതി എക്സ്പ്രസ്സ് 2002 ഫെബ്രുവരി 27 ആം തീയതി രാവിലെ എട്ടര മണിക്ക് ഗോധ്ര സ്റ്റേഷൻ വിട്ട് അധിക നേരം കഴിയും മുമ്പേ അമ്പതിനും നൂറിനും ഇടക്ക് വരുന്ന ഒരു സംഘത്തിന്റെ ആക്രമണത്തിരയായതാണ് ‘ഗോധ്ര തീവണ്ടി കത്തിക്കൽ’ എന്ന പേരിൽ അറിയപ്പെടുന്ന സംഭവം. ഗുജറാത്തിലെ ഗോധ്രയെന്ന ഒരു ചെറുപട്ടണത്തിലാണ് ഈ സംഭവം നടന്നത്. അയോദ്ധ്യയിൽ വിശ്വ ഹിന്ദു പരിഷത്ത്, ശ്രീരാമജന്മഭൂമി ക്ഷേത്രം നിർമ്മിക്കുന്നതിനായി നടത്തിയ പൂർണ്ണാഹുതി മഹായജ്ഞത്തിൽ സംബന്ധിച്ച് തിരിച്ചു വരികയായിരുന്ന കർസേവകരും മറ്റു തീർത്ഥാടകരും ആയിരുന്നു സബർമതി എക്സ്പ്രസ്സിൽ ഉണ്ടായിരുന്നത്.
തീവണ്ടിയിലെ എസ്.6 എന്ന കോച്ച് അക്രമികൾ കത്തിച്ചു. 23 പുരുഷന്മാരും 16 സ്ത്രീകളും 20 കുട്ടികളുമായി 59 ഹിന്ദു തീർത്ഥാടകർ ജീവനോടെ എരിക്കപ്പെട്ടു. ഈ കൂട്ടക്കൊലയാണ് ഔദ്യോഗിക കണക്കനുസരിച്ച് 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും മരിക്കാനും 223 പേരെ കാണാതാകാനും ഇടയായ 2002 ലെ ഗുജറാത്ത് കലാപത്തിന് വഴിതെളിച്ചത് എന്ന് കരുതപ്പെടുന്നു.
Post Your Comments