
തിരുവനന്തപുരം : വോട്ടര്‍ പട്ടികയിലെ തിരിമറിക്കു പുറമെ പോസ്റ്റല്‍ വോട്ടുകളിലും വ്യാപകമായ കൃത്രിമത്വം നടന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എട്ടു വര്‍ഷം മുന്‍പ് മരിച്ചവരും അപേക്ഷിക്കാത്തവരും പോസ്റ്റല്‍ വോട്ടില്‍ ഉള്‍പ്പെട്ടത് തിരിമറിയുടെ ഭാഗമായാണ്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയതായി അദ്ദേഹം അറിയിച്ചു.
കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. ജനഹിതം അട്ടിമറിക്കുന്നതിനായി ഇടത് അനുകൂല സംഘടനകളില്‍പ്പെട്ടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വ്യാപകമായ തിരിമറി നടന്നിരിക്കുന്നത്. സിപിഎം ആണ് ഇതിനു പിന്നില്‍. പോസ്റ്റല്‍ വോട്ടുകള്‍ പലയിടത്തും സീല്‍ഡ് ബാലറ്റ് ബോക്സുകളില്‍ അല്ല ശേഖരിക്കുന്നത്. ഇവ കൊണ്ടുവയ്ക്കുന്ന സ്ട്രോംഗ് റൂമുകളില്‍ പലയിടത്തും സി സി ടി വി ക്യാമറകള്‍ ഇല്ല. ഇടതു പക്ഷ സര്‍വ്വീസ് സംഘടനകളില്‍പ്പെട്ടവര്‍ ഈ ബാലറ്റുകളില്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
80 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും ബാലറ്റുകള്‍ ഇത്തവണ പോസ്റ്റല്‍ ബാലറ്റായി സ്വീകരിക്കുകയാണ്. വന്‍ തോതില്‍ കൃത്രിമമാണ് ഇതില്‍ നടക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍ മാത്രം പോസ്റ്റല്‍ വോട്ടിനുള്ള ലിസ്റ്റില്‍ മരിച്ചു പോയ എട്ടു പേരുടെ പേരുകള്‍ കടന്നു കൂടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എട്ടു വര്‍ഷം മുന്‍പ് മരിച്ച ഒരാളുടെ പേരും രണ്ടു വര്‍ഷം മുന്‍പ് മരിച്ച ഒരാളുടെ പേരും ഉണ്ട്. പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാത്ത പലരുടെയും പേരുകളുണ്ട്.ഇത് സംബന്ധിച്ച് വി.എസ്.ശിവകുമാറിന്റെ ഇലക്ഷന്‍ ഏജന്റ് പി.കെ.വേണുഗോപാല്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അപ്രതീക്ഷിത വിജയം ലഭിച്ചതിന്റെ പ്രധാന കാരണം വോട്ടര്‍ പട്ടികയിലെ വ്യാജവോട്ടുകളും പോസ്റ്റല്‍ വോട്ടുകളിലെ തിരിമറിയുമാണെന്ന് അദ്ദേഹം ആരോപിച്ചു.
Post Your Comments