പാലക്കാട്: പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന് അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി. ലവ് ജിഹാദ്, ബീഫ് നിരോധനം, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായി ചുമത്തപ്പെട്ട കേസുകള്‍ എന്നിവയെപ്പറ്റി അഭിമുഖത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ന്യൂസ്ലോണ്ടറിക്ക് അനുവദിച്ച അഭിമുഖത്തിനിടെയാണ് ശ്രീധരന് ഇറങ്ങിപ്പോയത്. അഭിമുഖത്തിന്റെ കുറച്ച് ഭാഗങ്ങള്‍ ന്യൂസ്ലോണ്ടറി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
Read Also : തലശ്ശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീറിന് ബിജെപി പിന്തുണ
അവതാരക ബീഫ് നിരോധനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതെല്ലാം ചെറിയ കാര്യങ്ങളാണെന്നും ഇതിന് താന്‍ ഉത്തരം നല്‍കില്ലെന്നുമായിരുന്നു ശ്രീധരന്റെ മറുപടി. എന്നാല്‍ ബീഫ് നിരോധന വിഷയത്തില്‍ ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ബി.ജെ.പി നേതാക്കള്‍ എങ്ങനെയാണ് കാണുന്നതെന്ന് അറിയാന്‍ വേണ്ടിയാണെന്ന് പറഞ്ഞപ്പോള്‍ ഈ വിഷയത്തില്‍ ഒരു വിധി പറയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സുരേന്ദ്രന്റെ പേരിലുള്ള കേസുകളെ കുറിച്ച് ചോദിച്ചപ്പോള്‍ അതെല്ലൊം കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള സ്വര്‍ണക്കടത്തിനേക്കാളും വലിയ കാര്യമാണോ ഈ കേസുകളെന്നുമായിരുന്നു ശ്രീധരന്റെ മറുചോദ്യം. ലവ് ജിഹാദിനെതിരെ നിയമനിര്‍മ്മാണം നടത്തിയിട്ടില്ലെങ്കില്‍ കേരളം ഒരു ചെറിയ സിറിയയാകുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോള്‍ ശ്രീധരന് പ്രതികരിക്കാന്‍ തയ്യാറായില്ല.
നിങ്ങള്‍ വീണ്ടും ഒരേ കാര്യത്തെക്കുറിച്ച് ചോദിച്ച് കൊണ്ടിരിക്കുകയാണെന്നും മറുപടി പറയാന്‍ സാധിക്കില്ലെന്നും ശ്രീധരന് പറഞ്ഞു. ഒരു മാദ്ധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ടെന്ന് പറഞ്ഞപ്പോള്‍ നമുക്ക് ഇത് നിര്‍ത്താം എന്ന് ആവശ്യപ്പെടുകയായിരുന്നു ശ്രീധരന്.
‘എനിക്കിത് മനസിലാകുന്നില്ല. നിങ്ങളെന്തിനാണ് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പോകുന്നത്’, എന്ന് ചോദിക്കുന്ന ശ്രീധരന് കൂടുതലൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ് അഭിമുഖത്തില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു.
Post Your Comments