Latest NewsKeralaNews

യുവജന കമ്മീഷന്റെ പ്രവര്‍ത്തനം എന്താണെന്നു മനസ്സിലാക്കാതെയാണ് പലരും വിമര്‍ശിക്കുന്നത് : ചിന്ത ജെറോം

പ്രശ്നങ്ങളും വിവാദങ്ങളും ഉണ്ടാകുമ്പോള്‍ പാര്‍ട്ടി എപ്പോഴും കൂടെ നിന്നിട്ടുണ്ട്, അതാണ് എന്റെ ബലം: ചിന്ത പറയുന്നു

തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിലെ തെറ്റ്, വാഴക്കുല വിവാദം, റിസോര്‍ട്ട് വിവാദം, ശമ്പള കുടിശ്ശിക വിവാദം എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്തയെ വിടാതെ പിന്തുടരുന്നത്. മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ചിന്തയെ നിശിതമായി വിമര്‍ശിച്ചു. സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷ സഹയാത്രികയായ ചിന്തയുടെ വ്യക്തിജീവിതം പോലും വ്യാപക ചര്‍ച്ചയായി. രാഷ്ട്രീയ എതിരാളികളില്‍ നിന്നും നേരിട്ട വെല്ലുവിളികള്‍ക്കു ചെറിയ ചിരിയിലൂടെ മാത്രമാണ് ചിന്ത മറുപടി പറഞ്ഞത്. താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചു മനോരമയിലൂടെ തുറന്നു പറയുകയാണ് ചിന്ത ജെറോം.

Read Also: എക്സൈസ് കായിക മേളയ്ക്കിടെ മത്സരാര്‍ത്ഥിയായ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

ഒരുപാട് മേഖലകളില്‍ സ്ഥിരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് താന്‍. അതുകൊണ്ട് വിവാദങ്ങളും ഉണ്ടാകും. പക്ഷേ, അതൊക്കെ ഒരുകാലം കഴിയുമ്പോള്‍ മാറുകയും വസ്തുനിഷ്ഠമായ സംഭവങ്ങള്‍ പൊതുസമൂഹം മനസ്സിലാക്കുകയും ചെയ്യുമെന്ന് വിശ്വാസമുണ്ടെന്ന് ചിന്ത പറയുന്നു.

‘സിപിഎമ്മിന്റെ സംസ്ഥാന സമിതിയിലേക്കു ഞാന്‍ എത്താനുള്ള പ്രധാന കാരണം പാര്‍ട്ടി ഇപ്പോള്‍ എഴുത്തിരിക്കുന്ന തീരുമാനത്തിന്റെ ഭാഗമായാണ്. യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ അവസരം നല്‍കുക എന്നതാണ് പാര്‍ട്ടിയുടെ തീരുമാനം. 40 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീകള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്നതാണ് പാര്‍ട്ടി പുതിയ കാലത്ത് എടുത്ത പ്രധാനമായ ഒരു തീരുമാനം. പാര്‍ട്ടിയില്‍ ഏതെങ്കിലും സ്ഥാനം എന്നതിലുപരി പാര്‍ട്ടി പ്രവര്‍ത്തകയായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. മുതിര്‍ന്ന നേതാക്കളുടെ വലിയ പിന്തുണയുണ്ട്. കേരള സര്‍വകലാശാലയുടെ ചെയര്‍പേഴ്‌സണായി വരുമ്പോഴാണ് എനിക്ക് അത് ബോധ്യമാണ്. വരുന്ന ഘട്ടത്തിലെല്ലാം മുതിര്‍ന്ന നേതാക്കള്‍ ധാരാളം ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അക്കാലത്താണ് അവരുടെ പിന്തുണ എനിക്കു ലഭിച്ചത്’, ചിന്ത പറയുന്നു.

‘പലരും കമ്മീഷന്റെ പ്രവര്‍ത്തനം എന്താണെന്നു മനസ്സിലാക്കാതെയാണ് വിമര്‍ശിക്കുന്നത്. എന്തിനാണ് ഇത്തരം ഒരു കമ്മിഷന്‍ എന്നു ചോദിക്കാറുണ്ട്. കേരളത്തിലെ യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള അര്‍ധ ജുഡിഷ്യറി കമ്മിഷനാണ് ഇത്. നിയമസഭ അത്തരത്തില്‍ ഒരു ആക്ട് പാസാക്കുന്നത് ഉമ്മന്‍ചാണ്ടി സാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. ആര്‍.വി. രാജേഷ് ആയിരുന്നു ആദ്യ ചെയര്‍മാന്‍. പിന്നീട് 2016ല്‍ ഇടതുപക്ഷ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോഴാണ് ഞാന്‍ ചെയര്‍പേഴ്‌സണാകുന്നത്. 18-40 വയസ്സുവരെയുള്ളവരുടെ പരാതിയാണ് കമ്മിഷന്‍ കേള്‍ക്കുന്നത്’.

യൂത്ത് കമ്മീഷന്‍ അധ്യക്ഷയുടെ കാലാവധി ആറുമാസമാണ്. പക്ഷേ, പുതിയ ഒരാള്‍ ചുമതല ഏല്‍ക്കുന്നതു വരെ തുടരാമെന്നും ചിന്ത പറയുന്നു.

 

2018 മുതല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഒരുലക്ഷം രൂപയാണ് എന്റെ ശമ്പളം. ഇത്ര രൂപ എനിക്കു ശമ്പളം നിശ്ചയിക്കണമെന്ന് ഞാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ശമ്പളം നിശ്ചയിക്കണം എന്നു മാത്രമാണ് ആവശ്യപ്പെട്ടത്. 2022 അവസാനമാണ് ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കി വര്‍ധിപ്പിച്ചു എന്ന വാര്‍ത്ത വരുന്നത്. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല. 37 ലക്ഷം രൂപ എനിക്കു കിട്ടാന്‍ പോകുന്നു എന്നൊക്കെയായിരുന്നു പ്രചരിച്ചത്. പച്ചക്കള്ളമായിരുന്നു പ്രചരിപ്പിച്ചത്. എന്റെ ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ സര്‍ക്കാരിനോ ഏജന്‍സികള്‍ക്കോ ഒരു കത്തും നല്‍കിയിട്ടില്ല. 2017ല്‍ മുന്‍ ചെയര്‍മാന്‍ ഒരു കേസ് നല്‍കിയിട്ടുണ്ട്. അതില്‍ വിധി വന്നിട്ടുണ്ടെന്നു തോന്നുന്നു. പക്ഷേ, എനിക്ക് അതേകുറിച്ചു വ്യക്തതയില്ല. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ ചുമതലയേറ്റ കാലം മുതല്‍ ഈ ശമ്പളം നിശ്ചയിച്ച സമയം വരെ ഏഴുലക്ഷത്തി തൊണ്ണൂറായിരം രൂപ, അത് ഞാന്‍ വാങ്ങിയത് അഡ്വാന്‍സായിട്ടാണ്. ആ അഡ്വാന്‍സ് ക്രമീകരിച്ചുകൊണ്ടു വന്നപ്പോഴുണ്ടായ കുടിശികയാണ്. ആ കുടിശിക ലഭിച്ചപ്പോഴുള്ള ഉത്തരവ് പുറത്തു വന്ന ഘട്ടത്തിലാണ് ചിന്ത ശമ്പളം കൂടുതല്‍ ആവശ്യപ്പെട്ടു എന്ന രീതിയിലുള്ള വാര്‍ത്ത വരുന്നത്. യഥാര്‍ത്ഥത്തില്‍ കമ്മിഷന്‍ അധ്യക്ഷയായി നിയമിതയായ ഘട്ടത്തില്‍ തന്നെ ഇത് അഡ്വാന്‍സ് ആണെന്നു പറയുന്നുണ്ട്’

‘പിന്നെ ഈ പറയപ്പെടുന്ന കുടിശിക ഇതുവരെ കയ്യില്‍ കിട്ടിയിട്ടില്ല. ഉത്തരവു മാത്രമേ കയ്യില്‍ കിട്ടിയിട്ടുള്ളൂ. അന്ന് പറഞ്ഞത് 37 ലക്ഷം എന്നെല്ലാമാണ്. അപ്പോള്‍ തന്നെ അത്തരത്തില്‍ ഒരു തുക ലഭിച്ചാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യുമെന്നു ഞാന്‍ പറഞ്ഞിരുന്നു. പിന്നെയുണ്ടാകുന്ന ഈ വിവാദങ്ങള്‍ ഇതൊക്കെ പറഞ്ഞ് നമ്മളെ തളര്‍ത്താമെന്നാണ് എതിരാളികള്‍ കരുതുന്നത്. അവരൊക്കെ ആലീസിന്റെ സ്വപ്നലോകത്തിലാണ്. അതൊന്നും നടക്കാനേ പോകുന്നില്ല. പണ്ട് കൊലവിളിയുണ്ടായപ്പോള്‍ ഭയപ്പെട്ടിട്ടില്ല. പിന്നെയാണോ ഒന്നുരണ്ടു ചെറിയ വെല്ലുവിളികള്‍’ ചിന്ത പറഞ്ഞു.

ഗവേഷണ പ്രബന്ധത്തിലെ പിഴവ് നമുക്കെല്ലാവര്‍ക്കും അറിയുന്ന ഒരു കാര്യമാണല്ലോ അത്. അതുകൊണ്ടു തന്നെ അത്തരത്തില്‍ ഒരു പിഴവു സംഭവിച്ചതില്‍ എനിക്ക് വലിയ വിഷമമുണ്ട്. ഒരു വര്‍ക്കും പൂര്‍ണമല്ല. തെറ്റുകള്‍ സംഭവിക്കാം. എനിക്കതില്‍ ഖേദമുണ്ട്. തെറ്റു ചൂണ്ടി കാണിച്ച എല്ലാവര്‍ക്കും നന്ദി പറയുകയാണ്. ഇങ്ങനെ ഒരു തെറ്റു സംഭവിക്കുന്നത് ഒരു കാരണവശാലും ഗൈഡിന്റെ ഉത്തരവാദിത്വമല്ല. അത് ആ കാന്‍ഡിഡേറ്റിന്റെ മാത്രം ഉത്തരവാദിത്തമാണ്’ ചിന്ത ചൂണ്ടിക്കാട്ടി.

റിസോര്‍ട്ട് വിവാദത്തിലും പ്രതികരിച്ച് ചിന്ത. ‘വിവാദം തുടങ്ങി വച്ചത് അത്ര നിഷ്‌കളങ്കമാണെന്നൊന്നും തോന്നുന്നില്ല. എനിക്കെതിരെ ആസൂത്രിതമായി തന്നെയാണ് ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിച്ചത്. അമ്മയുടെ ചികിത്സാര്‍ഥം തന്നെയാണ് അവിടെ പോയത്. അത് പരിചയത്തിലുള്ളയാളുടെതാണ്. അതില്‍ പ്രത്യേകിച്ചൊന്നുമില്ല. ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങളിലൊന്നും എനിക്കു ഭയമില്ല. പ്രശ്‌നങ്ങളും വിവാദങ്ങളും ഉണ്ടാകുമ്പോള്‍ പാര്‍ട്ടി എപ്പോഴും കൂടെ നിന്നിട്ടുണ്ട്’ ചിന്ത പറഞ്ഞുനിര്‍ത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button