മറ്റു രാജ്യങ്ങൾക്ക് മുൻപിൽ ബ്രിട്ടൻ മാതൃകയാവുകയാണ്. കോവിഡ് വാക്സിനേഷന് പദ്ധതിയില്‍ ഒരു പുതിയ നാഴികക്കല്ലിട്ടുകൊണ്ട് ബ്രിട്ടന് 30 മില്ല്യണ്‍ പൗരന്മാര്ക്ക് കോവിഡ് വാക്സിന് നല്‍കിക്കഴിഞ്ഞു. ഇന്നലെ മാത്രം 4,23,852 പേര്‍ക്ക് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചപ്പോള്‍ മറ്റൊരു 2,33, 964 പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു. വാക്സിന് പദ്ധതിയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ബ്രിട്ടന്റെ കോവിഡിനെതിരെയുള്ള സമരത്തില്‍ വിജയത്തോട് കൂടുതല്‍ അടുപ്പിക്കുകയാണ്. ഇന്നലെ 3,862 പേര്‍ക്ക് മാത്രമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം മരണനിരക്കും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയിലേതിനെ അപേക്ഷിച്ച് 42 ശതമാനത്തിന്റെ കുറവാണ് ഇന്നലെ പ്രതിദിന മരണനിരക്കില്‍ ദൃശ്യമായത്.
രോഗവ്യാപനം തടയുന്നതിലും മരണനിരക്ക് കുറയ്ക്കുന്നതിലും വാക്സിന് കാര്യക്ഷമമാണെന്നാണ് ബ്രിട്ടനിലെ ഫലം തെളിയിക്കുന്നത്. ജൂലായ് അവസാനത്തോടെ ബ്രിട്ടനിലെ പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും വാക്സിന് നല്‍കിപ്പൂര്‍ത്തിയാക്കും. അസ്ട്രാസെനെക്കയുടെയും ഫൈസറിന്റെയും വാക്സിനു പുറമെപുതിയ യു എസ് മോഡേണ വാക്സിന്റെ 5 ലക്ഷം ഡോസുകള്‍ കൂടി എത്തുന്നതോടെ വാക്സിന് പദ്ധതിയില്‍ ഉണ്ടായിരുന്ന അനിശ്ചിതത്വം ഒഴിവാകുമെന്നാണ് പ്രതീകഹിക്കുന്നത്. ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ആറുപേരില്‍ കൂടാത്ത ആള്‍ക്കൂട്ടത്തിന് പൊതുയിടങ്ങളില്‍ ഒത്തുചേരാനാകും. അതുപോലെ രണ്ട് വ്യത്യസ്ത കുടുംബങ്ങളിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഒത്തുചേരാനാകും. പബ്ബുകളും ഹൈസ്ട്രീറ്റ് വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്നതോടെ, ജീവിതം ഭാഗികമായെങ്കിലും സാധാരണ ഗതിയിലേക്ക് മടങ്ങും. എന്നാല്‍ ബാര്‍ബര്‍ ഷോപ്പുകളും ഹെയര്‍ സലൂണുകളും എല്ലാം തുറന്നു പ്രവര്‍ത്തിക്കുവാന്‍ ഏപ്രില്‍ 12 വരെ കാത്തിരിക്കേണ്ടിവരും.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നാലും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതുള്ള വിദേശയാത്രകള്‍ക്കു മേലുള്ള നിരോധനം ഓഗസ്റ്റ് വരെ തുടരും എന്നാണ് അറിയാന്‍ കഴിയുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ ഇനങ്ങളെ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇവയില്‍ പലതിനും ഭാഗികമായെങ്കിലും വാക്സിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല, സാധാരണ ഇനങ്ങളെക്കാള്‍ പതിന്മടങ്ങ് വ്യാപനശേഷിയുമുണ്ട്.
Post Your Comments