ന്യൂഡല്‍ഹി ∙ സുനന്ദ പുഷ്കര്‍ ജീവനൊടുക്കാന്‍ സാധ്യതയില്ലെന്ന് സുനന്ദയുടെ കുടുംബവും മകനും പറഞ്ഞതായി ഭര്‍ത്താവ് ശശി തരൂര്‍ എംപി. നല്ല മനക്കരുത്തുള്ള സുനന്ദ ജീവനൊടുക്കാന്‍ സാധ്യതയില്ലെന്ന് കുടുംബാംഗങ്ങളും മകനും പറഞ്ഞതായാണ് തരൂരിന്റെ അഭിഭാഷകന്‍ വികാസ് പഹ്‍വ കോടതിയില്‍ അറിയിച്ചത്. തരൂരിനെതിരെ ചുമത്തപ്പെട്ട ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ഇതോടെ പ്രസക്തിയില്ലാതായെന്നും പഹ്‍വ വാദിച്ചു. കേസ് വീണ്ടും ഏപ്രില്‍ 9നു പരിഗണിക്കും.
അവരുടെ മകനും ബന്ധുക്കളും പറയുന്നതും അവര്‍ ശക്തയായ ഒരു സ്ത്രീ ആയിരുന്നു എന്നാണ്. അവര്‍ ആത്മഹത്യ ചെയ്യില്ലെങ്കില്‍ എങ്ങനെ ആത്മഹത്യാപ്രേരണ എന്ന കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നും പഹ്‍വ ചോദിച്ചു. സുനന്ദയുടെ മരണം ആകസ്മികമരണമായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി അന്വേഷിച്ചിട്ടും കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ് മരണമെന്നും അല്‍പ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ഡോ.സുധീര്‍ ഗുപ്‌ത ആദ്യം വ്യക്‌തമാക്കിയിരുന്നു.
എന്നാല്‍, അല്‍പ്രാക്‌സിന്റെ സാന്നിധ്യം സുനന്ദയുടെ ഉള്ളില്‍ കണ്ടെത്താതിരുന്നത് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെക്കുറിച്ചും സംശയത്തിന് ഇടയാക്കി. റിപ്പോര്‍ട്ട് കെട്ടിച്ചമയ്‌ക്കാന്‍ തന്റെമേല്‍ സമ്മര്‍ദമുണ്ടായെന്ന് ഡോ.ഗുപ്‌ത പിന്നീട് ആരോപിച്ചു.എയിംസ് ഓട്ടോപ്സി വിഭാഗം നടത്തിയ പരിശോധനയില്‍ കാരണം കണ്ടുപിടിക്കാന്‍ കഴിയാതെ വന്നതോടെ യുഎസിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) സഹായം തേടി. അസ്വാഭാവികമരണം ആണെന്നു കണ്ടെത്തിയ എഫ്ബിഐ റേഡിയോ ആക്ടീവ് വിഷം പ്രയോഗിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു.
മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം ശശി തരൂര്‍ ഉള്‍പ്പെടെ ഏഴുപേരെ ചോദ്യംചെയ്തിരുന്നു. 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറെ ഡല്‍ഹി ചാണക്യപുരിയിലെ നക്ഷത്ര ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരാണ് സുനന്ദയെ മരിച്ച നിലയില്‍ ആദ്യം കണ്ടതെന്നാണ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഭിനവ് കുമാര്‍ അന്ന് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്.
Post Your Comments