തിരുവനന്തപുരം : എല്‍ഡിഎഫിനെ രാഷ്ട്രീയ വനവാസത്തിന് ഉപദേശിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി കേരളത്തിന്റെ ചരിത്രം ഓര്‍ക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫിന് തുടര്‍ ഭരണമുണ്ടായാല്‍ കേരളം നശിക്കുമെന്ന ആന്റണിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ കേരളം വീണ്ടും എല്‍ഡിഎഫിനെ ഭരണമേല്‍പ്പിക്കുന്നത് കാണാമെന്നും കോടിയേരി പ്രതികരിച്ചു. വാമനപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡി.കെ മുരളിയുടെ തെരഞ്ഞെടുപ്പ് യോഗത്തിനിടെയായിരുന്നു കോടിയേരിയുടെ പ്രതികരണം. ഇടതുപക്ഷത്തായിരുന്ന ആന്റണി 1981ല്‍ മുന്നണി വിട്ടു പോയ ശേഷം ശപിച്ചത് നൂറുകൊല്ലത്തേക്ക് സെക്രട്ടറിയേറ്റില്‍ സിപിഐ എമ്മിനെ കാലുകുത്തിക്കില്ലെന്നാണ്. എന്നാല്‍, 1987ല്‍ ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് ജയിച്ച സംസ്ഥാനങ്ങളിലാണ് ബിജെപി വരുന്നതെന്നാണ് പുതുച്ചേരി ഉള്‍പ്പെടെ തെളിയിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരെ കൂട്ടത്തോടെ ബിജെപി വിലയ്ക്കെടുക്കുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ബിജെപിയിലേക്ക് പോകുമെന്ന് ഭയപ്പെടുത്തുന്നത് വിലപ്പോകില്ല. പി സി ചാക്കോ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടതുപക്ഷത്തേക്കാണ് വന്നത്. പത്ത് സീറ്റ് നേടിയെടുത്ത് മറ്റിടങ്ങളില്‍ യുഡിഎഫിനെ ജയിപ്പിച്ചാല്‍ പിന്‍സീറ്റ് ഭരണം നടത്താമെന്നാണ് ബിജെപി കരുതുന്നത്. അതിനുള്ള രഹസ്യബാന്ധവം തുടങ്ങിക്കഴിഞ്ഞെന്നും കോടിയേരി പറഞ്ഞു.
ബിജെപിയുടെ വോട്ട് സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പരസ്യമായി പറഞ്ഞു. എന്നാല്‍, നൂറ് തെരഞ്ഞെടുപ്പില്‍ തോറ്റാലും ഒരു സീറ്റിലും ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്നാണ് എല്‍ഡിഎഫിന്റെ നിലപാട്. അഞ്ചു വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്ത വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നുള്ളതു കൊണ്ടാണ് ജനങ്ങള്‍ തുടര്‍ ഭരണം ആഗ്രഹിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Post Your Comments