ആര്യങ്കാവ്; തമിഴ്നാട്ടിൽ കൊയ്ത്തുകാലം തുടങ്ങി കേരളത്തിലേക്കു വയ്ക്കോൽ ലോറികളുടെ വരവേറിയിരിക്കുന്നു. വയ്ക്കോൽ ലോറികളെ മറയാക്കി കഞ്ചാവും ലഹരിവസ്തുക്കളും ഒളിപ്പിച്ചു കടത്തും പെരുകിയതായി പരാതി ഉയർന്നിരിക്കുന്നു. ചെക്ക്പോസ്റ്റിലെ ശക്തമായ പരിശോധനയെ തുടർന്ന് അതിർത്തി വനമേഖലകളിലെ ഊടുവഴികളിലൂടെ ലഹരിവസ്തുക്കൾ കടത്തുന്നതായും പരാതി ലഭിച്ചിരിക്കുന്നു. പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിരിക്കുന്നു. ആര്യങ്കാവ് കടമാൻപാറ, അച്ചൻകോവിൽ കോട്ടവാസൽ, മാമ്പഴത്തറ വഴി ഉറുകുന്ന്,ചാലിയക്കര വഴി ഇടമൺ എന്നിവിടങ്ങളിലെ ഊടുവഴികൾ നിരീക്ഷണത്തിലാണ് ഉള്ളത്.
വയ്ക്കോൽ പരിശോധനയിലെ പിഴവാണു കടത്തുകാർക്കു തുണയാകുന്നത്. ചെക്ക്പോസ്റ്റുകളിൽ വയ്ക്കോൽ ലോറിയിൽ കുത്തി നോക്കിയുള്ള പരിശോധനയാണു പതിവ്. കഞ്ചാവും ലഹരിവസ്തുക്കളും കെട്ടുകളിലാക്കി ഒളിപ്പിച്ചാൽ കുത്തി നോക്കിയാൽ കണ്ടെത്താൻ സാധിക്കില്ല. വയ്ക്കോൽ മുഴുവനും നീക്കിയുള്ള പരിശോധന പ്രായോഗികമല്ല. ഭക്ഷ്യസുരക്ഷ കമ്മിഷണറുടെ പാൻമസാല നിരോധന ഉത്തരവ് റദ്ദാക്കിയതോടെ കടത്ത് ഇരട്ടിയിലേറെയായിരിക്കുകയാണ്. പിഴ കുറവായതിനാൽ കേസിന്റെ പൊല്ലാപ്പുമില്ല. തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ അതിർത്തിയിലെ പരിശോധനകളിൽ പാൻമസാലയും കഞ്ചാവും വ്യാപകമായി പിടികൂടുകയാണ്.
അതിർത്തിയിൽ കോട്ടവാസലിൽ വനം ചെക്ക്പോസ്റ്റും 2 കിലോമീറ്റർ താണ്ടിയാൽ എക്സൈസ് ചെക്ക്പോസ്റ്റും ഉണ്ട്. വീണ്ടും ഒരു കിലോമീറ്റർ കൂടി പോകണം മോട്ടർ വാഹന ചെക്ക്പോസ്റ്റിൽ എത്താൻ. ചരക്കുസേവന നികുതി (ജിഎസ്ടി) വന്നതോടെ വിൽപന നികുതി ചെക്ക്പോസ്റ്റ് നിർത്തിയിരുന്നു. ചെക്ക്പോസ്റ്റുകളെ ഏകോപിപ്പിച്ചു സംയുക്ത ചെക്ക്പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് 15 വർഷത്തെ പഴക്കമുണ്ടായിട്ടും സർക്കാർ തലത്തിൽ നടപടിയില്ല. അനധികൃത കടത്ത് പൂർണമായും തടയാൻ സ്കാനർ സംവിധാനം ഏർപ്പെടുത്തുമെന്ന വിഎസ് സർക്കാരിന്റെ കാലത്തെ പ്രഖ്യാപനവും വെറുംവാക്കായി.
Post Your Comments