തിരൂര്‍: നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്തോറും വാദഗതികളുമായി നേതാക്കൾ. കോണ്‍ഗ്രസിനെ മുന്നില്‍കണ്ട് ബി.ജെ.പി കേരളത്തില്‍ സ്വപ്നം കാണുന്നതായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിച്ചത്. കേരളത്തിലും സമാനരീതി പയറ്റാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി. ലില്ലീസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ എതിര്‍ത്താല്‍ സി.ബി.ഐ, ഇ.ഡി എന്നിവരെ കാണിച്ച് ഭീഷണിപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം ഇന്ന് ഏറ്റവും കൂടുതല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരു സ്ഥാനവും അനുവദിച്ചുകൊടുക്കുന്നില്ല.
ജി.എസ്.ടി വിഹിതം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വീതിച്ചുകൊടുക്കുന്നില്ല. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുകയാണ്. ജി.എസ്.ടി കൗണ്‍സിലില്‍ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാറുകള്‍ ശബ്ദം ഉയര്ത്തിയതുകൊണ്ടാണു അവര്‍ക്ക് എന്തെങ്കിലും ലഭിക്കുന്ന സാഹചര്യമുണ്ടായത്. ഫാഷിസത്തിനെതിരെ പോരാടാന്‍ സി.പി.എം അധികാരത്തില്‍ എത്തണമെന്നും യെച്ചൂരി പറഞ്ഞു. തിരൂരില്‍ നടന്ന പൊതുയോഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. പി. ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റിക്ക് വേണ്ടി സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം പി. കുഞ്ഞിമൂസ ചുവന്ന പൊന്നാടയണിയിച്ചു. സി.പി.എം ജില്ല സെക്രട്ടറി ഇ.എന്‍. മോഹന്‍ ദാസ്, യൂത്ത് ലീഗ് മുന്‍ അഖിലേന്ത്യ എക്സിക്യൂട്ടിവ് അംഗം യൂസഫ് പടനിലം, ഗായകന് ഫിറോസ് ബാബു, എല്‍.ഡി.എഫ് നേതാക്കളായ വേലായുധന് വള്ളിക്കുന്ന്, വി.പി. സക്കറിയ, കുഞ്ഞു മീനടത്തൂര്‍, പിമ്പുറത്ത് ശ്രീനിവാസന്, അഡ്വ. ഷമീര്‍ പയ്യനങ്ങാടി, പാറപ്പുറത്ത് കുഞ്ഞുട്ടി, രാജ് എം. ചാക്കോ, കെ.പി. അബ്ദുറഹിമാന് ഹാജി, കെ.പി. അലവി, അഡ്വ. കെ. ഹംസ, എം. മമ്മുകുട്ടി, കാസിംബാവ, വി. നന്ദന് എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തകരില്‍ വന്‍ ആവേശം തീര്‍ത്താണ് യെച്ചൂരി തിരൂരില്‍നിന്ന് മടങ്ങിയത്.
Post Your Comments