
കുട്ടനാട്; 90 വയസ്സുള്ള അമ്മയെ മദ്യ ലഹരിയിൽ മർദിച്ച സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കാവാലം പഞ്ചായത്ത് 9ാം വാർഡിലെ വാണിയപ്പുരയ്ക്കൽ ജോർജ് ദേവസ്യയെ (62) ആണു കൈനടി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജോർജിന്റെ മർദനത്തിൽ ഗുരുതര പരുക്കേറ്റു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മ തങ്കമ്മ അപകടനില തരണം ചെയ്തിരിക്കുന്നു. മർദനത്തിൽ വലതു കാൽ മുട്ടിനു താഴെയും വലതുകൈ കൈപ്പത്തിയോടു ചേർന്നും ഒടിഞ്ഞു. നടുവിനും ഗുരുതര പരിക്കുകൾ ഏറ്റിട്ടുണ്ട്. സോഡിയം അളവു കുറയുന്നതിനാൽ തങ്കമ്മയ്ക്ക് ഇന്നലെ നിശ്ചയിച്ച ശസ്ത്രക്രിയ നടത്തിയില്ല.
ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് മദ്യലഹരിയിലായിരുന്ന മകൻ അമ്മയെ മർദിച്ചത്. അയൽവാസികളെപ്പോലും വീട്ടിലേക്കു കയറ്റാതെ അക്രമാസക്തനായ ജോർജിനെ പൊലീസിന്റെ സഹായത്തോടെ കീഴ്പ്പെടുത്തിയാണ് തങ്കമ്മയെ ആശുപത്രിയിലേക്കു മാറ്റുകയുണ്ടായത്.
ചികിത്സയ്ക്കു സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതോടെ കാവാലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിനി ചന്ദ്രന്റെ നേതൃത്വത്തിൽ 14,000 രൂപ സ്വരൂപിച്ചു തങ്കമ്മയുടെ സഹായിയെ ഏൽപിക്കുകയുണ്ടായി.
Post Your Comments