
ഇതൊരു കഥയാണ്. കഥ അൽപ്പം പഴയതാണ്. ബഷീറിന്റെയും ചങ്ങമ്പുഴയുടേയുമൊക്കെ പ്രണയങ്ങൾ പോലെ നല്ല അടിപൊളി ഒരു പ്രണയ കഥ. കക്ഷികൾ രണ്ടുപേരും എന്റെ അധ്യാപകന്റെ ക്ലാസ്സ് മേറ്റ്സ് ആയിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്തുള്ള ഭീകരമായ പ്രണയം. ഒരാൾക്ക് മറ്റൊരാളില്ലാതെ ജീവിക്കാൻ കഴിയില്ലെന്നുള്ള ഒരവസ്ഥയിലെത്തി രണ്ടുപേരും. കാലഘട്ടം മാറുന്നതിനനുസരിച്ചു പ്രണയവും മാറും പക്ഷെ അന്ന് പ്രണയം ഒരു തരം വിപ്ലവം പോലെയാണത്രേ മരിച്ചാലും അവസാനിപ്പിക്കില്ലെന്നൊക്കെയാണ് പറഞ്ഞു കെട്ടിട്ടുള്ളത്. അങ്ങനെ രണ്ടുപേരും പ്രണയിച്ചു. ഒന്നിച്ചൊരുപാട് യാത്രകൾ ചെയ്തു. എല്ലാവരും കോളേജ് വിട്ട് പോയാലും അവര് രണ്ടുപേരും എപ്പോഴും ആ കോളേജ് വരാന്തയിൽ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടാകുമത്രേ.
Also Read:മലയാളസിനിമയിലെ 24 വർഷങ്ങൾ ; ചാക്കോച്ചൻ ദാറ്റ് ചോക്ലേറ്റ് പയ്യൻ
കഥയിലെ വില്ലൻ എപ്പോഴത്തെയും പോലെ ജാതി തന്നെയായിരുന്നു. വീട്ടുകാര് ഭയങ്കരമായി എതിർത്തു. എതിർപ്പൊന്നും അവരെ ബാധിച്ചില്ല പക്ഷെ അവര് പെൺകുട്ടിയെ പിന്നീട് പഠിക്കാൻ വിട്ടില്ല. അത് അവരെ രണ്ടുപേരെയും മാനസികമായി വല്ലാതെ തളർത്തി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നന്നായിട്ടറിയുന്ന രണ്ടുപേരും ഒടുക്കം രണ്ടുവഴിക്ക് തിരിഞ്ഞു നടക്കേണ്ടി വന്നു. രണ്ടുവർഷത്തോളം അവരൊന്നിച്ച് അതേ കോളേജിൽ തന്നെ പഠിച്ചു. പരസ്പരം ഒന്നും മിണ്ടാതെ കണ്ടിട്ടും കാണാതെ അവരങ്ങനെ നടന്നു. കോഴ്സ് കംപ്ലീറ്റ് ആയപ്പോ അവര് പെൺകുട്ടിയെ കല്യാണം കഴിപ്പിച്ചു. പക്ഷെ അത്രയും കാലം മിണ്ടിയില്ലെങ്കിലും കാണാനും അടുത്തില്ലെങ്കിലും അറിയാനും പറ്റുന്ന ഒരവസ്ഥയിൽ നിന്ന് രണ്ടുപേരെയും മാറ്റി നിർത്തിയപ്പോൾ മുൻപുണ്ടായിരുന്ന ആ പ്രണയത്തിന്റെ തീവ്രത വീണ്ടും അങ്ങോട്ട് കൂടി.
ഈ പ്രണയത്തിനു അങ്ങനെ ചില പ്രശ്നങ്ങൾ ഉണ്ട്. കാണാതിരിക്കുമ്പോഴാണത്രേ അതിന്റെ ആഴം നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. അങ്ങനെ രണ്ടുപേർക്കും വീണ്ടും മിണ്ടാൻ തോന്നിത്തുടങ്ങി കാണാൻ തോന്നിത്തുടങ്ങി. അയാള് പഠിച്ചു ആ കോളേജിലെ തന്നെ മാഷായി ജോലിക്ക് കേറി അവളും അതേ കോളേജിലെ അധ്യാപികയായി. രണ്ടുപേരും വീണ്ടും കാണാനും മിണ്ടാനും തുടങ്ങി. മാംസനിബദ്ധമല്ല രാഗം എന്ന് പണ്ടൊരാൾ എഴുതിപ്പിടിപ്പിച്ചത് വെറുതെയല്ല കേട്ടോ. സ്നേഹത്തിനു സ്നേഹം മാത്രമായിരുന്നു അവരുടെ കാര്യത്തിലുണ്ടായിരുന്നത്. ആ പെൺകുട്ടി ദിവസവും കോളേജിൽ വരുമ്പോൾ മുഖത്തും കയ്യിലുമൊക്കെ ഒരുപാട് പാടുകൾ ഉണ്ടാകുമായിന്നു. കാമുകനെ കാണുന്നത് അവരെപ്പോഴും ഭർത്താവിനോട് തുറന്നു പറയാറുണ്ടെന്നും അതിന്റെ പേരിലാണ് ഭർത്താവിന്റെ ഈ മർദ്ദനം എന്നും അയാള് പിന്നീടാണറിഞ്ഞത്. അവര് പിന്നെയും സ്നേഹിച്ചു മിണ്ടാതെ പറയാതെ. ഇപ്പോഴും സ്നേഹിക്കുന്നു. ആ പെൺകുട്ടിക്ക് ഇപ്പോൾ രണ്ടു കുട്ടികൾ ഉണ്ട് .. അയാൾ ഇതുവരെ വിവാഹം കഴിച്ചിട്ടുമില്ല.. അവരിപ്പോഴും അടിപൊളിയായിട്ടു സ്നേഹിക്കുന്നു. എന്ത് ഭംഗിയാണല്ലേ ഈ സ്നേഹത്തിനു. എന്തെങ്കിലും പ്രശ്നം വരുമ്പോ ഉടനടി ആസിഡ് ഒഴിക്കാനും കത്തി എടുക്കാനും നിൽക്കുന്നവരൊക്കെ ഈ കഥവായിക്കുക
Post Your Comments