തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് മൂന്നാമതും കസ്റ്റംസ് നോട്ടീസ്. ഈ മാസം 30 ന് ഹാജരാകണം എന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ രണ്ട് നോട്ടീസിലും വിനോദിനി ഹാജരായില്ല. 30 നും ഹാജരായില്ലെങ്കില്‍ കോടതി വഴി വാറന്റ് അയക്കുമെന്നാണ് കസ്റ്റംസ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസിലാണ് വിനോദിനിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. യു.എ.ഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കയ്യില്‍ എത്തിയെന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്.
1.13 ലക്ഷം രൂപ വില വരുന്ന ഐഫോണാണ് വിനോദിനി ഉപയോഗിച്ചത്. സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ഐഫോണുകളില്‍ ഏറ്റവും വില കൂടിയ ഫോണായിരുന്നു ഇത്.സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിന് പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും IMEI നമ്പര്‍ ഉപയോഗിച്ചാണ് കസ്റ്റംസ് സിം കാര്‍ഡും അതുപയോഗിച്ച ആളേയും കണ്ടെത്തിയതെന്നാണ് സൂചന.
Post Your Comments