ന്യൂഡല്‍ഹി: അസമില്‍ പരിഷ്‌കരിച്ച ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍.ആര്‍.സി) നടപ്പാക്കുമെന്ന് ബി.ജെ.പി. പൗരത്വ രജിസ്റ്ററുമായി മുന്നോട്ട് പോകുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ വ്യക്തമാക്കി. മണ്ഡല പുനർനിർണ്ണയം സമയബന്ധിതമായി നടപ്പാക്കുമെന്നും പൗരത്വ നിയമ ഭേദഗതിയിൽ നിന്ന് പിന്നോട്ടില്ലെന്നും നദ്ദ പറഞ്ഞു. അസമിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി.
അഹോം സംസ്‌കാരത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് ശ്രമിക്കുമെന്നും നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്തുമെന്നും ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു. അസമിനെ പ്രളയ മുക്തമാക്കുമെന്നും 3 ലക്ഷം കുടുംബങ്ങൾക്ക് പ്രതിമാസം മൂവായിരം രൂപ സഹായം നൽകുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നുണ്ട്.
സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ബ്രഹ്മപുത്രയിലെ വെള്ളപ്പൊക്കത്തിന് ശാസ്ത്രീയമായ പരിഹാരം കാണുമെന്നും ബി.ജെ.പി പ്രകടന പത്രികയില്‍ പറയുന്നുണ്ട്. വ്യവസായ സംരഭകരെ പ്രോത്സാഹിപ്പിക്കുമെന്നും വാഗ്ദാനമുണ്ട്. രണ്ട് ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്നും ബിജെപി പറയുന്നു. മാർച്ച് 27നാണ് അസമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Post Your Comments